ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുത്: കെ.എം മാണി
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരടുബില്ല് രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചര്‍ച്ച് ആക്ട് ഇന്നു കേരള സമൂഹത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവര്‍ക്കിടയില്‍ പുതിയ പ്രതിസന്ധികളും ആശയക്കുഴപ്പവും സൃഷ്ടിച്ചതിനാല്‍ അതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു.
ക്രൈസ്തവ ദേവലായങ്ങളുടെ അധീനതയിലുള്ള വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഫണ്ടുകളുടെയും ഭരണം നിര്‍വഹിക്കുന്നതിന് വഖഫ് ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മാതൃകയില്‍ പുതിയ സംവിധാനമുണ്ടാക്കുകയാണു സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നു കരുതേണ്ടിയിരിക്കുന്നു. വളഞ്ഞ വഴിയിലൂടെ ക്രൈസ്തവ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും നിയന്ത്രണം സ്ഥാപിക്കാനുള്ള ഗൂഢോദ്ദേശ്യമാണിതിനു പിന്നിലുള്ളത്. ഇങ്ങനൊരുദ്ദേശ്യം ഇടതുപക്ഷത്തിനില്ലെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയോ നിയമമന്ത്രിയോ ഇക്കാര്യം നിഷേധിച്ചിട്ടില്ല എന്നത് ക്രൈസ്തവ വിശ്വാസികളേയും സഭാ നേതൃത്വത്തെയും ആശങ്കാകുലരാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26, എല്ലാ മതവിഭാഗങ്ങള്‍ക്കും സ്ഥാവരജംഗമ സ്വത്തുക്കള്‍ സമ്പാദിക്കാനും അവയുടെ ഭരണം നിയമാനുസൃതം നടത്താനുമുള്ള അവകാശം നല്കിയിട്ടുണ്ട്. ഇതനുസരിച്ച്, ക്രൈസ്തവ ദേവാലയങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ സംഭാവനകളിലൂടെ ആര്‍ജിച്ചിരിക്കുന്ന സ്ഥാവരസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണ രാഷ്ട്രീയ നിയമങ്ങള്‍ക്കു വിധേയമായി ജനാധിപത്യപരമായ രീതിയിലാണു നിര്‍വഹിച്ചു പോരുന്നത്. ഈ സാഹചര്യത്തില്‍, നിര്‍ദിഷ്ട ചര്‍ച്ച് ആക്ട് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നു പറയേണ്ടിയിരിക്കുന്നു.
ഇത്തരത്തിലൊരു ജനവിരുദ്ധ നീക്കം ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ചര്‍ച്ച് ആക്ടിനെതിരെ കെ.സി.ബി.സിയും മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരും ക്രൈസ്തവ സംഘനകളും ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധത്തോടു കേരളാ കോണ്‍ഗ്രസും യോജിക്കുന്നു. സര്‍ക്കാര്‍ ചര്‍ച്ച് ആക്ടുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിയമപരമായിതന്നെ അതിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസ് മുമ്പിലുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."