ബിവറേജിന് മുന്നിലെ സമരം മരണം വരെ സമരം തുടരും: മാക്കമ്മ
മാനന്തവാടി: പയ്യമ്പള്ളി കോളനിയിലെ മാക്കമ്മ ഇപ്പോള്‍ 72 വയസായി. ഓര്‍മവച്ചനാള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ പൊലിസ് സ്‌റ്റേഷനോ കോടതിയോ ജയിലോ കണ്ടിരുന്നില്ല. എന്നാല്‍ വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ ബാധിച്ച് കഴിഞ്ഞ മാക്കമ്മ ഇപ്പോള്‍ നിരവധി കേസുകളിലെ പ്രതിയാണ്. വൈത്തിരി ജയിലില്‍ മൂന്ന് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിറങ്ങിയ ഈ വൃദ്ധ ചെയ്തകുറ്റം മാനന്തവാടിയിലെ ബിവറേജസ് ഔട്‌ലെറ്റിന് മുന്നില്‍ സമരം നയിക്കുന്നു എന്നതാണ്.
ആദിവാസി വിഭാഗങ്ങള്‍ അമിത മദ്യപാനം നിമിത്തം നാമാവേശമാകുമെന്ന അവസ്ഥ ഉണ്ടായതോടെയാണ് സഹികെട്ട് തങ്ങള്‍ സമരത്തിനിറങ്ങിയതെന്നാണ് മാക്കമ്മയുടെ പക്ഷം. അരമണിക്കൂര്‍ തികയാത്ത സമരങ്ങള്‍ നിത്യേന നടക്കുന്ന നാട്ടില്‍ കൊട്ടും കുരവയുമില്ലാതെ മാക്കമ്മയും കൂട്ടരും നടത്തുന്ന സമരം ഇന്ന് 436 ദിവസത്തേക്ക് കടക്കും. ജാമ്യത്തിലിറങ്ങിയ മാക്കമ്മയും മറ്റ് ഒന്‍പത് പേരും ഇന്ന് വീണ്ടും സമരം തുടങ്ങും. ഒന്നര വര്‍ഷത്തിലേറെയായി സമാധാനപരമായി നടത്തുന്ന സമരത്തിന് നേരെ ഒട്ടേറെ അതിക്രമങ്ങള്‍ നടന്നിരുന്നു. പൊലിസ് ബലപ്രയോഗവും പലവട്ടം ഉണ്ടായി. കേസും അറസ്റ്റും പലപ്പോഴും ഉണ്ടായെങ്കിലും മുലയൂട്ടുന്ന അമ്മമാരെ വരെ ജയിലിലടച്ചത് ആദ്യമായാണെന്ന് മാക്കമ്മ പറയുന്നു.
മറ്റുപല കേസിലും സമരത്തിലും കാണിക്കാത്ത ആവേശമാണ് പൊലിസ് ആദിവാസി അമ്മമാരുടെ സമരത്തോട് കാണിക്കുന്നതെന്ന വിമര്‍ശനവും ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പലകോണില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. മാനന്തവാടി നഗരസഭാ ചെയര്‍മാനും എം.എല്‍.എയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിട്ടും ആദിവാസി അമ്മമാരുടെ ഈ സമരത്തെ ഇവരും അവഗണിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചതിനാല്‍ ജയില്‍ മോചിതരായ 10 പേര്‍ക്കും ഇനി സമര പന്തലിലേക്ക് പോകാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സബ് കലക്ടറുടെ ഓഫിസിന് മുന്നിലേക്ക് സമരം മാറ്റാനാണ് ആലോചന. മരിക്കേണ്ടി വന്നാലും മദ്യവില്‍പന കേന്ദ്രം അടച്ചുപൂട്ടുംവരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് മാക്കമ്മ തറപ്പിച്ച് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."