പാസ്പോർട്ട് സേവനങ്ങൾക്കായി റിയാദിലെ ഇന്ത്യൻ എംബസി മെയ് അഞ്ച് മുതൽ പ്രവർത്തനം പുനരാരംഭിക്കും
റിയാദ്: പാസ്പോർട്ട് പുതുക്കുന്നതടക്കമുള്ള അടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി റിയാദിലെ ഇന്ത്യൻ എംബസി മെയ് അഞ്ച് മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സഊദിയിൽ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും കരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലിന്റെ ഇന്ത്യൻ പാസ്പോർട്ട്, വിസ ആപ്ലിക്കേഷൻ കേന്ദ്രങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് റിയാദിലെ എംബസി ആസ്ഥാനത്ത് തന്നെ ഇതിനായി സൗകര്യമൊരുക്കുന്നത്. കർശനമായ നിബന്ധനകൾക്ക് വിധേയമായി അടിയന്തിര പ്രാധാന്യമുള്ള പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഇനി എംബസിയിൽ നേരിട്ടെത്തിയാൽ മതിയാവും. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മുൻ കരുതലും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മറ്റു നിർദ്ദേശങ്ങളും പാലിച്ചു മാത്രമായിരിക്കണം അപേക്ഷകൾ എംബസിയെ സമീപിക്കേണ്ടതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
അപേക്ഷകൻ മാസ്ക് ധരിച്ച് മാത്രമെ എംബസിയിൽ പ്രവേശിക്കാൻ പാടുള്ളു. മുൻകൂട്ടി അനുമതി തേടിയവർക്ക് മാത്രമായിരിക്കും എംബസി ഈ സേവനം ലഭ്യമാക്കുക. കോൾ സെന്റർ നമ്പറായ 920006139 എന്ന നമ്പർ വഴി ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പകൽ 10 മുതൽ 4 മണി വരെ അപേക്ഷകർക്ക് അനുമതി തേടാവുന്നതാണ്. കൂടാതെ എന്ന എംബസിയുടെ [email protected] ഇമെയിൽ വഴിയും അപ്പോയിന്റ്മെന്റ് ഉറപ്പ് വരുത്താനാവും. മെയ് നാല് മുതൽ കാൾ സെന്റർ പ്രവർത്തനം തുടങ്ങും. മുൻകൂട്ടി അനുമതി നേടിയവർ കൃത്യ സമയത്ത് എംബസിയിലെത്തണം. അപേക്ഷകനെ മാത്രമെ എംബസിയുടെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനും നടപടികൾ പൂർത്തീകരിച്ച രേഖകൾ സ്വീകരിക്കുന്നതിനും അനുവദിച്ച സമയം. കാലാവധി കഴിഞ്ഞതും അതല്ലെങ്കിൽ ജൂൺ 30ന് മുമ്പ് കാലാവധി പൂർത്തിയാകുന്നതോ ആയ പാസ്പോർട്ട് അപേക്ഷകൾക്കായിരിക്കും മുൻഗണന ലഭിക്കുക. മറ്റു അപേക്ഷകളുണ്ടെങ്കിൽ അത് സംബന്ധമായ പൂർണ്ണ വിവരങ്ങൾ [email protected] എന്ന മെയിലിൽ അയക്കണം. എംബസി അപേക്ഷ പരിശോധിച്ച് അടിയന്തിര പ്രാധാന്യമുള്ളതാണെങ്കിൽ ബന്ധപ്പെട്ടവരെ വിവരമറിയിച്ച് അനന്തര നടപടികൾ കൈകൊള്ളുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."