ശിഹാബ് തങ്ങള്‍ സെന്റര്‍ സമര്‍പ്പണം നാളെ; പരിപാടികള്‍ക്ക് ഇന്ന് തുടക്കം
പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും
ബംഗളൂരു: ഉദ്യാന നഗരിക്ക് മാനവസ്‌നേഹത്തിന്റെ പുതിയ സംസ്‌കാരം പകര്‍ന്ന് ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ പടുത്തുയര്‍ത്തിയ കാരുണ്യ സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ന്യൂറോ സൈക്യാട്രിക് സെന്ററായ നിംഹാന്‍സ് ഹോസ്പിറ്റല്‍, കിഡ്വായി കാന്‍സര്‍ സെന്റര്‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജയദേവ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ സമീപത്താണ് ശിഹാബ് തങ്ങള്‍ സെന്റര്‍.
ആറുനിലകളിലായി പതിനെട്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ പത്തുകോടി മുതല്‍ മുടക്കിലാണ് കെട്ടിട നിര്‍മാണം. സൗജന്യ നിരക്കിലുള്ള താമസ സൗകര്യം, മെന്‍സ് ഹോസ്റ്റല്‍, ലൈബ്രറി, മയ്യിത്ത് പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സൗകര്യത്തോടെയാണ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നത്.
ഇന്ന് വൈകിട്ട് ആറിന് നിംഹാന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സൗഹൃദ സംഗമത്തില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ മുഖ്യാതിഥിയാകും.
ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്, മുസ്‌ലിംലീഗ് ദേശീയ ഭാരവാഹികളായ ദസ്തഗീര്‍ ആഗ, സിറാജ് ഇബ്രാഹിം സേഠ്, മുസ്‌ലിംലീഗ് കേരള സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, ബി.എം ഫാറൂഖ് എം.എല്‍.സി, എം.എം.എ പ്രസിഡന്റ് ഡോ.എന്‍.എ മുഹമ്മദ്, നിംഹാന്‍സ് സി.എ.ഒ പ്രതീസ് കുമാര്‍, ഡോ.ഖലീല്‍ ഇബ്രാഹിം, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി, എസ്.എസ്.എ ഖാദര്‍ ഹാജി, പി.കെ സഈദ്, ഡോ.മുഹമ്മദ് മജീദ്, ഡോ.മുഹമ്മദ് ഈസ, പി. മൊയ്തീന്‍, എ.ജി.സി ബഷീര്‍ സംബന്ധിക്കും. അഹമ്മദ് കബീര്‍ ബാഖവി കാരുണ്യ പ്രഭാഷണം നടത്തും.
നാളെ നടക്കുന്ന പരിപാടിയില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മന്ത്രിമാരായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, നിംഹാന്‍സ് ഡയരക്ടര്‍ ഡോ. ബി.എന്‍ ഗംഗാധര്‍, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, ആര്‍. രാമലിംഗ് റെഡ്ഡി, ഉദയ് ബി. ഗരുഡാചാര്‍, ആര്‍. റോഷന്‍ ബാഗ്, എന്‍.എ ഹാരിസ്, വി.കെ ഇബ്രാഹിം കുഞ്ഞ്, പി. ഉബൈദുല്ല, കെ.എം ഷാജി, എന്‍.എ നെല്ലിക്കുന്ന്, ടി.വി ഇബ്രാഹിം, പാറക്കല്‍ അബ്ദുല്ല, അബൂബക്കര്‍ (തമിഴ്‌നാട്), ബി.എം ഫാറൂഖ് എം. എല്‍.സി, വ്യവസായ പ്രമുഖരായ ഡോ.പി.എ ഇബ്രാഹിം ഹാജി, എ.പി ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഖാദര്‍ തെരുവത്ത്, ഡോ.അന്‍വര്‍ അമീന്‍, മുന്‍ എം.പി അബ്ദുറഹ്മാന്‍, ബി.ബി.എം.പി കൗണ്‍സിലര്‍ മുജാഹിദ് പാഷ, എ.ഐ.കെ.എം.സി.സി ജന.സെക്രട്ടറി എ. ശംസുദ്ദീന്‍ സംബന്ധിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. എം.കെ നൗഷാദ് സ്വാഗതവും ഡോ.എം.എ അമീറലി നന്ദിയും പറയും.
ഉദ്ഘാടന പ്രചാരണാര്‍ഥം അന്‍പത്തിയൊന്‍പത് നിര്‍ധന യുവതികളുടെ വിവാഹം ഇതിനോടകം പൂര്‍ത്തിയാക്കി. രക്തദാന കാംപയിനിന്റെ ഭാഗമായി 1,046 യൂനിറ്റ് രക്തം നിംഹാന്‍സ് ബ്ലഡ് ബാങ്കിലേക്ക് നല്‍കി.
രക്തദാന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നാളെ രാവിലെ ആറുമുതല്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് കബ്ബണ്‍ പാര്‍ക്കിലേക്ക് വാക്കത്തോണും സംഘടിപ്പിക്കും. മാപ്പിളപ്പാട്ട് മത്സരം ഇന്ന് വൈകിട്ട് നാലിന് നിംഹാന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സിറാജ് ഇബ്രാഹിം സേഠ്, ടി. ഉസ്മാന്‍, എം.കെ നൗഷാദ്, ഡോ.എം.എ അമീറലി, സി.പി സദഖത്തുല്ല, ശംസുദ്ദീന്‍ കൂടാളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."