ബശ്ശാറുല്‍ അസദ്: ക്രൂരതയ്‌ക്കൊരു മറുവാക്ക്
സ്വന്തം ജനതയ്ക്കു നേരെ രാസായുധപ്രയോഗം നടത്തിയ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ആയിരിക്കും ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ ക്രൂരന്‍. അമ്പതിലധികം കുഞ്ഞുങ്ങള്‍ ശരീരം ചുട്ടുപൊള്ളി വാവിട്ടു കരഞ്ഞ ് മരണപ്പെട്ടതിന്റെ പാപക്കറ ഈ നരാധമന്‍ എവിടെയാണ് കഴുകിക്കളയുക? വൈകിയാണെങ്കിലും സിറിയക്കെതിരേ സൈനിക നടപടി അമേരിക്ക തുടങ്ങിയിരിക്കുന്നു. ഇന്നലെ മെഡിറ്ററേനിയന്‍ തീരത്ത് നങ്കൂരമിട്ട രണ്ട് അമേരിക്കന്‍ കപ്പലുകളില്‍നിന്ന് അറുപതോളം മിസൈലുകളാണ് സിറിയന്‍ വ്യോമതാവളമായ ഷായിരത്തിന് നേരെ തൊടുത്തുവിട്ടിരിക്കുന്നത്.
സിറിയ അവരുടെ കാര്യം നോക്കട്ടെ എന്ന നിലപാടില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പെട്ടെന്ന് പിന്മാറിയത് രാസായുധപ്രയോഗം അമേരിക്കയ്ക്കും ബാധിക്കുമോ എന്ന ആപല്‍ ശങ്കയില്‍ നിന്നാണ്. ഇതൊരു ദേശീയ പ്രശ്‌നമായതിനാലാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് ട്രംപ് നല്‍കിയ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിരുന്നു എന്ന വാദം കത്തിനില്‍ക്കുമ്പോള്‍ സിറിയയെ സഹായിക്കുന്ന നിലപാടില്‍നിന്നു ട്രംപ് മാറിനില്‍ക്കുക സ്വാഭാവികം. അതുകൊണ്ടായിരുന്നു ട്രംപ് സിറിയ പ്രശ്‌നത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്. പക്ഷേ, കഴിഞ്ഞ ദിവസം സിറിയയില്‍ ഉണ്ടായ അസദിന്റെ രാസായുധ പ്രയോഗം അമേരിക്കയെ മാറ്റിചിന്തിപ്പിച്ചിരിക്കുന്നു. 2013ലും സിറിയ ഇതുപോലെ സ്വന്തം ജനതക്കു നേരെ രാസായുധ പ്രയോഗം നടത്തിയിരുന്നു. അന്ന് അഞ്ഞൂറിലധികം പേരാണ് മരണപ്പെട്ടത്. ഇതിനെതിരേ ലോക വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സിറിയ രാസായുധങ്ങള്‍ നശിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
സിറിയയില്‍ ഇതുവരെ അമേരിക്ക നേരിട്ടുള്ള ഒരാക്രമണം നടത്തിയിട്ടില്ലായിരുന്നു. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു അമേരിക്കന്‍ ആക്രമണം ഉണ്ടായിരുന്നത്. ശിയാ നേതാവുകൂടിയായിരുന്ന ബശ്ശാറുല്‍ അസദ് ശിയാ ഭരണകൂടമായ ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെയാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ വിമതരെ തുരത്താനെന്ന പേരില്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ഇറാഖില്‍ രാസായുധങ്ങള്‍ സൂക്ഷിക്കുന്നുവെന്നാരോപിച്ച് കൊണ്ടായിരുന്നു സുന്നി ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റിയത്. എന്നാല്‍, രാസായുധങ്ങളൊന്നും ഇറാഖില്‍നിന്നു കണ്ടുകിട്ടിയതുമില്ല. ഇസ്‌ലാംവിരുദ്ധ ശക്തികളായ ശിയാക്കളെ സഹായിക്കുന്ന നിലപാടായിരുന്നു എന്നും അമേരിക്ക കൈകൊണ്ടിരുന്നത്. ഇറാഖിലും ഇറാനിലും ശിയാ ഭരണകൂടത്തെയാണ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത്.
2013നു ശേഷം ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ക്കു നേരെ സിറിയ രാസായുധ പ്രയോഗം നടത്തിയിരിക്കുന്നു. യു.എന്‍ ആഭിമുഖ്യത്തില്‍ സമാധാന ചര്‍ച്ച ആരംഭിക്കുന്നതിന്റെ തൊട്ടു മുമ്പാണ് ഈ രാസായുധ പ്രയോഗം എന്നത് യാദൃച്ഛികമാകാനിടയില്ല. സമാധാന ശ്രമങ്ങളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം രാസായുധ പ്രയോഗത്തിന് പിന്നില്‍ ഉണ്ടായിരുന്നു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടികളെയും മുതിര്‍ന്നവരെയും പ്രവേശിപ്പിച്ച ആശുപത്രിയും ബോംബിട്ട് നശിപ്പിച്ചു. നൂറ്റി ഏഴോളം പേരാണ് രാസായുധ പ്രയോഗത്തില്‍ ശ്വാസംകിട്ടാതെ മരണപ്പെട്ടത്. ഇതില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളായിരുന്നു. ഒമ്പതു മാസം മാത്രം പ്രായമുള്ള തന്റെ ഇരട്ടകുട്ടികളുടെ മയ്യിത്തുകള്‍ കൈയില്‍ താങ്ങിയുള്ള അബ്ദുല്‍ ഹമീദ് എന്ന പിതാവിന്റെ കണ്ണീര്‍ചിത്രം ലോക മനസ്സാക്ഷിയെ എക്കാലവും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും. സിറിയ മുമ്പ് നടത്തിയ രാസായുധ പ്രയോഗത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ആക്രമണത്തിന്റെ പ്രധാന ഉത്തരവാദി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ആണെന്ന് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര തലവന്‍ ഫ്രഡറിക് മൊഗെറിനി സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് ഈ യുദ്ധക്കുറ്റവാളിയെ സ്ഥാന ഭ്രഷ്ടനാക്കി വിചാരണ ചെയ്ത് കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്. അതിലൂടെ മാത്രമേ സിറിയന്‍ ജനതക്ക് ഈ മനുഷ്യാധമന്റെ കരാളഹസ്തങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാന്‍ കഴിയൂ. ക്രൂരതയുടെ മറുവാക്കായ ബശ്ശാറുല്‍ അസദിനെ ഇനിയും സിറിയന്‍ പ്രസിഡന്റ് സ്ഥാനത്ത് പൊറുപ്പിക്കുന്നത് ലോകരാഷ്ട്രങ്ങള്‍ സിറിയന്‍ ജനതയോട് ചെയ്യുന്ന കൊടും പാതകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."