പൊലിസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം: സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
കാസര്‍കോട്: പൊലിസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി.പി.സി.ആര്.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോഡ്രൈവര്‍ സന്ദീപ് (28) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
പൊലിസ് മര്‍ദനമാണ് മരണകാരണമെന്നും കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു. പൊലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ചവിട്ടേറ്റാണ് സന്ദീപ് മരിച്ചതെന്നും വെള്ളം ചോദിച്ചിട്ടു നല്‍കിയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസിനെ കാസര്‍കോട്ടേക്ക് നിയോഗിച്ചിട്ടുണ്ട്.
ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിനു സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപ് ഉള്‍പ്പെടെയുള്ള നാലുപേരെ പൊലിസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ദീപ് പൊലിസ് ജീപ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."