സുരക്ഷാ ഭീഷണി; നീലേശ്വരം ബീവറേജ് വില്പനശാലയിലെ പണം സൂക്ഷിക്കുന്നത് പൊലിസ് സ്റ്റേഷനില്‍
നീലേശ്വരം: മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് വില്പനശാലയില് രാത്രിയില്‍ മതിയായ സുരക്ഷ ഇല്ലാത്തതിനാല്‍ പ്രതിദിന വരുമാനം സൂക്ഷിക്കുന്നത് നീലേശ്വരം പൊലിസ് സ്റ്റേഷനില്‍. കോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മിക്ക മദ്യവില്പന ശാലകളും ബിയര്‍, വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടിയതോടെ നീലേശ്വരത്തെ വരുമാനം ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ അരക്കോടിയോളം രൂപയുടെ വില്പനയാണ് നടന്നത്. മിക്ക ദിവസങ്ങളിലും ഇപ്പോള്‍ ഈ വരുമാനം ലഭിക്കുന്നുണ്ട്. വില്പനശാല പ്രവര്‍ത്തിക്കുന്ന സ്ഥലം ഒറ്റപ്പെട്ടയിടത്തായതു കൊണ്ടുതന്നെ സുരക്ഷാ ഭീഷണി ഉള്ളതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വരുമാനം പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.
വില്പനശാലയില് രാത്രികാല കാവല്ക്കാരനുണ്ടെങ്കിലും സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങളൊന്നും തന്നെയില്ല. ബിവറേജുകളിലെ വരുമാനം ആരുടെയും കൈയില്‍ സൂക്ഷിക്കരുതെന്നാണു നിയമം. അതുകൊണ്ടുതന്നെ എണ്ണിത്തിട്ടപ്പെടുത്തിയ തുക വില്പനശാലയില് തന്നെ സൂക്ഷിക്കുകയും പിറ്റേന്നു ബാങ്കില്‍ നിക്ഷേപിക്കുകയുമാണു പതിവ്. എന്നാല്‍ ഇവിടുത്തെ വില്പനശാലയ്ക്കു സുരക്ഷ ഇല്ലാതായതോടെയാണു ദിവസവരുമാനം പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."