യുനൈറ്റഡ് ആവശ്യപ്പെടുന്നു, സോല്‍ഷ്യാറെ നിലനിര്‍ത്തണം
ലണ്ടന്‍: അലക്‌സ് ഫെര്‍ഗൂസന് ശേഷം പുതിയ പരിശീലകന്‍ ആരാണെന്ന യുനൈറ്റഡിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായായിരുന്നു ഓല ഗണ്ണാര്‍ സോല്‍ഷ്യാര്‍ എന്ന പരിശീലകന്‍ ഓള്‍ട് ട്രാഫോര്‍ഡിലെത്തിയത്. മൗറീഞ്ഞോക്ക് ശേഷം താല്‍ക്കാലികമായിട്ടാണ് സോല്‍ഷ്യാറെ നിയമിച്ചിരുന്നതെങ്കിലും പിന്നീടുണ്ടായ തുടര്‍ ജയങ്ങളും നേട്ടങ്ങളുമാണ് സോല്‍ഷ്യാറെ സ്ഥിരം പരിശീലകനാക്കണമെന്ന ഫാന്‍സിന്റെ മോഹത്തിനു പിന്നിലെ വികാരം.
ഫെര്‍ഗൂസന് ശേഷം ഡേവിഡ് മോയസ്, റയാന്‍ ഗിഗ്‌സ്, ലൂയീസ് വാന്‍ഗാല്‍, ജോസ് മൗറീഞ്ഞോ എന്നിവരെയെല്ലാം പരീക്ഷിച്ച് നോക്കിയെങ്കിലും ടീമിന് തോല്‍വിയില്‍ നിന്നൊരു കരകയറ്റമുണ്ടായിരുന്നു.
മൗറീഞ്ഞോ പുറത്താകുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് ആറാം സ്ഥാനത്തായിരുന്നു. കോംപറ്റേറ്റീവായ ടൂര്‍ണമെന്റില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് വരെ യുനൈറ്റഡ് എത്തി. നിലവില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡിന് ഇനിയും സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. അതിലുപരി ടീമെന്ന നിലയില്‍ സോല്‍ഷ്യാര്‍ക്ക് കീഴില്‍ യുനൈറ്റഡിന് നൂറില്‍ നൂറു മാര്‍ക്കാണുള്ളത്. എല്ലാവരും ഒത്തിണക്കത്തോടെയുള്ള പ്രകടനം പുറത്തെടുക്കുന്നു. അലക്‌സി സാഞ്ചസിന് മാത്രം സോല്‍ഷ്യാര്‍ക്ക് കീഴില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൗറിഞ്ഞോ ഉണ്ടായിരുന്നപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നക്കാരനായിരുന്ന പോള്‍ പോഗ്ബയുടെ മിന്നും ഫോമാണ് പലപ്പോഴും യുനൈറ്റഡിന് വിജയത്തിലേക്കുള്ള വഴി തെളിഞ്ഞത്. സോള്‍ഷ്യാര്‍ക്ക് കീഴില്‍ യുനൈറ്റഡ് കളിച്ച പത്ത് മത്സരത്തില്‍ ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജിയോട് മാത്രമാണ് പരാജയപ്പെട്ടത്. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിനെ പോലും യുനൈറ്റഡ് സമനിലയില്‍ തളച്ചു. ഇതെല്ലാം കാണുമ്പോള്‍ യുനൈറ്റഡ് ഫാന്‍സും താരങ്ങളും ഇനി പുതിയൊരു പരിശീലകനെ തിരയേണ്ട എന്ന മട്ടിലാണ്.
കാരണം തല്‍ക്കാലക്കാരനായി വന്ന സോല്‍ഷ്യാറെ സ്ഥിര പരിശീലകനാക്കുക. താരങ്ങളോട് ഏറ്റവും കൂടുതല്‍ മാനസിക അടുപ്പം സൂക്ഷിക്കുന്ന പരിശീലകന്‍ എന്ന നിലയില്‍ സോല്‍ഷ്യാര്‍ സര്‍വ സമ്മതനാണ്. ഈ സീസണ്‍ അവസാനത്തോട് അടുക്കുമ്പോഴേക്കും യുനൈറ്റഡിന്റെ പുതിയ പരിശീലകന്റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഇതിന് ഒരു മുഴം മുമ്പെ എറിയുകയാണ് യുനൈറ്റഡ് ഫാന്‍സ്. ഫെര്‍ഗൂസന്‍ അടക്കമുള്ള പല പരിശീലകരും സോല്‍ഷ്യാറെ നിയമിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."