HOME
DETAILS
MAL
അനധികൃത നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തല്‍: ബില്ലുകള്‍ പാസാക്കി
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള ബില്ലുകള്‍ നിയമസഭ പാസാക്കി. 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2018ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവയാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ ഇന്നലെ പാസാക്കിയത്.
2017 ജൂലൈ 31ാം തിയതിയോ അതിന് മുന്‍പോ അനധികൃതമായി നടത്തിയിട്ടുള്ള കെട്ടിടനിര്‍മാണമോ കൂട്ടിച്ചേര്‍ക്കലുകളോ പുനര്‍നിര്‍മാണമോ നിര്‍ണയിക്കപ്പെട്ട രാജിയാക്കല്‍ ഫീസ് ഈടാക്കിക്കൊണ്ടും ചില നിബന്ധകള്‍ക്ക് വിധേയമായും ക്രമവത്കരിക്കാനുള്ളതാണ് 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍. അനധികൃത നിര്‍മാണം ക്രമവത്കരിക്കാനുള്ള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിക്ക് നല്‍കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ ക്രമവത്കരണം നടത്താവൂ. എന്നാല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നടത്തിയിട്ടുള്ള ഒരു കെട്ടിട നിര്‍മാണവും ക്രമവത്കരിക്കാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. ഇത്തരത്തില്‍ പഞ്ചായത്തുകളുടെ പരിധിയിലെ നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള 2018ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി )ബില്ലും സഭ പാസാക്കി.
അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്ക്കരിക്കാനുള്ള ഈ ബില്ലുകള്‍ പാസാക്കിയതോടെ അനാരോഗ്യകരമായ നിയമനിര്‍മാണമാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അനധികൃത നിര്‍മാണം നടത്തുന്ന ആര്‍ക്കും ഭാവിയില്‍ ക്രമവത്കരിച്ചുകിട്ടുമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."