സ്ത്രീ കൂട്ടായ്മയില്‍ കിണറുകളില്‍ തെളിനീരുറവ കിനിഞ്ഞു
കാഞ്ഞങ്ങാട്: സ്വന്തമായി കിണറും കുടിവെള്ളവും ഇല്ലാത്ത രണ്ടു കുടുംബങ്ങള്‍ക്കു തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ത്രീ കൂട്ടായ്മ സമ്മാനിച്ചത് തെളിനീരുറവ കിനിയുന്ന കിണറുകള്‍. അജാനൂര്‍ കാട്ടുകുളങ്ങരയിലെ തൊഴിലുറപ്പ് പദ്ധതിയിലെ 12 സ്ത്രീകളാണ് രണ്ടു കുടുംബങ്ങള്‍ക്കു കിണര്‍ കുഴിച്ചു നല്‍കിയത്.
കാട്ടുകുളങ്ങരയിലെ ഗിരിജ, വനജാ വേലായുധന് എന്നിവര്‍ക്കാണു തൊഴിലുറപ്പു തൊഴിലാളികള്‍ കുടിവെള്ളം ശേഖരിക്കാന്‍ കിണറുകള്‍ കുഴിച്ചു നല്കി കൈത്താങ്ങായത്.
ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവെയ്ക്കാതെ രണ്ടാഴ്ചകൊണ്ടാണ് ഇവര്‍ കിണര്‍ കുഴിച്ചത്. ഒന്നാമത്തെ കിണറില്‍ ആറു കോല് ആഴത്തില്‍ തന്നെ നീരുറവ തെളിഞ്ഞപ്പെള് രണ്ടാമത്തേതിനു രണ്ടു കോല് അധികം കുഴിക്കേണ്ടി വന്നു. ആവശ്യത്തിനുള്ള വെള്ളം കിട്ടുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഇവര്‍ പണി അവസാനിപ്പിച്ചത്. കടുത്ത വേനലില്‍ തന്നെ കുഴിച്ചതിനാല്‍ ഇപ്പോഴുള്ള നീരുറവ ഏതു കാലത്തും ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ടി.വി പത്മിനിയാണ് മേല്‍നോട്ടം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."