തിരുവനന്തപുരത്ത് കാനവും ദിവാകരനും പട്ടികയില്‍
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് മൂന്നു സീറ്റുകള്‍ പിടിച്ചെടുക്കാനും തൃശൂര്‍ സീറ്റ് നിലനിര്‍ത്താനും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയുമായി സി.പി.ഐ. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ജില്ലാ കമ്മിറ്റികള്‍ കൈമാറിയ സാധ്യതാ പട്ടിക നാളെയും മറ്റന്നാളുമായി സംസ്ഥാന എക്‌സിക്യൂട്ടിവും കൗണ്‍സിലും ചേര്‍ന്ന് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് അന്തിമ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറും. അഞ്ചിനും ആറിനും ചേരുന്ന ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കൗണ്‍സിലുകളാണ് മൂന്നു പേരടങ്ങിയ സാധ്യതാ പാനലുകള്‍ തയാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെയ്‌മെന്റ് വിവാദത്തില്‍ കുടുങ്ങിയ തിരുവനന്തപുരത്ത് ഇത്തവണ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തള്ളി ആനി രാജയെ ഒഴിവാക്കിയാണ് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പട്ടിക നല്‍കിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി സി. ദിവാകരന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ എന്നിവരാണ് പട്ടികയിലുള്ളത്. മാവേലിക്കരയില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദേവകി എന്നിവരും, വയനാട്ടില്‍ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി പി.പി സുനീര്‍, പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കഴിഞ്ഞ തവണ മത്സരിച്ചയാളുമായ സത്യന്‍ മൊകേരി, അദ്ദേഹത്തിന്റെ പത്‌നിയും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവുമായ പി. വസന്തം തുടങ്ങിയ പേരുകളുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തൃശൂരിലാകട്ടെ സിറ്റിങ് എം.പി സി.എന്‍ ജയദേവന് പുറമെ മുന്‍ മന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരാണ് പട്ടികയില്‍. മന്ത്രി വി.എസ് സുനില്‍കുമാര്‍ മല്‍സരിക്കണമെന്ന് ജില്ലാ നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് മൂന്നു പേരുടെ പട്ടിക തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."