യു.പിയില്‍ അഞ്ചുമാസത്തിനിടെ 152 പശുക്കള്‍ ചത്തു; ചാകാനിടയായത് പട്ടിണികാരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ലക്‌നൗ: പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 152 പശുക്കള്‍ ചത്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടുന്നതിന്റെ പേരില്‍ പശുസംരക്ഷകര്‍ ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഒരു സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോശാലയില്‍ 152 പശുക്കള്‍ പട്ടിണിമൂലം ചത്ത സംഭവമുണ്ടായത്.
അലഞ്ഞു തിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത സൊസൈറ്റിയുടെ കീഴില്‍ കാന്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലക്ക് 128 വര്‍ഷം പഴക്കമുണ്ട്. പശുക്കള്‍ ചാകാനിടയായത് ഭക്ഷണം കിട്ടാതെയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
220 കോടി രൂപയുടെ ആസ്തിയുളള ഗോശാലയില്‍ 540 പശുക്കളാണുള്ളത്. ഗോശാലയില്‍ പശുക്കള്‍ ചാകാനിടയായത് പട്ടിണികാരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതോടെ സംഭവം വന്‍വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. ആഴ്ച്ചകളായി പശുക്കള്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ലെന്നതിന്റെ തെളിവും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ സംഭാവനയാണ് വര്‍ഷം തോറും ഗോശാല നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. ഇതെല്ലാം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പശു സംരക്ഷകര്‍ എന്നു പറയുകയും ഇതിന്റെ പേരില്‍ ആളെ കൊല്ലാന്‍ നടക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയാണിതെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്. പശു സംരക്ഷണത്തിനായി നിരന്തരം പ്രസംഗം നടത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൂക്കിനുതാഴെയാണ് സംഭവമെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
അതേസമയം പട്ടിണിമൂലം പശുക്കള്‍ ചത്തെന്ന ആരോപണം ഗോശാല നടത്തിപ്പുകാര്‍ തള്ളി. ഇടവിട്ട ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ പശുക്കളെ പരിശോധിക്കാറുണ്ട്. പച്ചപ്പുല്ലും മറ്റു പോഷകാഹാരങ്ങളുമാണ് പശുക്കള്‍ക്ക് നല്‍കുന്നതെന്നും ഗോശാല നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ സൊസൈറ്റിക്ക് ലഭിക്കുന്ന പണം എവിടെപോകുന്നുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
പശുക്കളെ സംരക്ഷിക്കുകയെന്ന വിഷയം രാഷ്ട്രീയ രംഗത്ത് വൈകാരിക വിഷയമാണ്, പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. പശു സംരക്ഷകരെന്ന പേരില്‍ നിരവധി സംഘടനകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത് ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."