വാഴയൂര്‍ മൂളപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ അക്രമം: നിരവധി പേര്‍ക്ക് പരുക്ക്
വാഴയൂര്‍: കാന്തപുരം സുന്നികളുടെ ആസൂത്രിത അക്രമത്തെ തുടര്‍ന്ന് നിരവധി സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്. വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറത്താണ് കഴിഞ്ഞ ദിവസം സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. അക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തിനു മുറിക്കകത്ത് നിന്നു പുറത്തിറങ്ങിയ ഇമാമിനെ കാന്തപുരം വിഭാഗക്കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. മാരകായുധങ്ങളും കല്ലുകളുമായി ആക്രമണം തയാര്‍ചെയ്ത കാന്തപുരം വിഭാഗം ഭീഷണിയുയര്‍ത്തി പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ സുന്നി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. നിസ്‌കരിച്ചു കൊണ്ടിരിക്കുകയായിരുന്ന മഹല്ല് പ്രസിഡന്റ് ഹുസൈന്‍ ഹാജി വരെ ഇവരുടെ അക്രമത്തിന് ഇരയായി. പള്ളിക്കു പുറത്തും കല്ലെറിഞ്ഞും മര്‍ദിച്ചും അക്രമം അഴിച്ചുവിട്ട കാന്തപുരം വിഭാഗക്കാര്‍ സമീപസ്ഥലത്തെ വീടുകളും എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും വാഴയൂര്‍ പഞ്ചായത്തംഗവുമായ മൂസ ഫൗലൂദിന്റെ വീടും വാഹനവും പൂര്‍ണമായും തകര്‍ത്തു. സഹോദരനും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റുമായ നൗഷാദ്, ബഷീര്‍ എന്നിവരുടെ വീടുകളും പൂര്‍ണമായി തകര്‍ത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂസ ഫൌലൂദിന്റെ ഉമ്മ വലിയവീട്ടില്‍ പാത്തുട്ടിക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇബ്‌റാഹീം പള്ളിയാളി, ആര്‍.പി മൊയ്തീന്‍കോയ, പള്ളി ഇമാം മജീദ് ദാരിമി , പി.കെ.ജാഫര്‍, ബീരാന്‍കുട്ടി പൊന്നാട്ട്, ആര്‍.പി കരീം, സുലൈഖ തെക്കെതൊടി, അനസ് എന്നിവര്‍ക്കാണു പരുക്കുപറ്റിയത്. കത്തികൊണ്ട് കുത്തേറ്റ ഇബ്‌റാഹീം പള്ളിയാളിയെ കോഴിക്കോട് മെഡിക്കല്‍കോളജിലും മറ്റുള്ളവരെ മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് . തെക്കേത്തൊടി ലത്വീഫ്, എം.കെ.ഗഫൂര്‍, എം.ടി.സൈനുദ്ദീന്‍, കുഞ്ഞിമുഹമ്മദ്, എം.കെ അസീസ് ,അബ്ദുസ്സമദ് ,മുസ്തഫ ,സി.എം അബ്ദുല്‍ ലത്തീഫ് ,അബ്ദുല്‍ ഗഫൂര്‍ ,നിസാമുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത് . സമസ്തയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട മഹല്ല് പള്ളിയാണ് മൂളപ്പുറം മഹല്ല് പള്ളി .സമീപ സ്ഥലമാകുന്ന കക്കോവില്‍ ഇവരുടെ പ്രവര്‍ത്തികള്‍ കാരണം മഹല്ല് പള്ളി ഒരു മാസക്കാലമായി പൂട്ടിയിരുക്കുകയാണ് .
കുറ്റവാളികളെ ഉടന്‍ പിടികൂടണം: സുന്നി നേതാക്കള്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ മൂളപ്പുറത്ത് സമസ്തയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന ഇമാമിനെ മാറ്റി തങ്ങളുടെ ഇമാമിനെ നിയമിക്കണമെന്നും നിലവിലെ ഇമാം പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കരുതെന്നും ആവശ്യപ്പെട്ട് പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കി പള്ളി ഇമാമിനും നാട്ടുകാര്‍ക്കുമെതിരേ കിരാതമായ അക്രമം അഴിച്ചുവിട്ട കാന്തപുരം വിഭാഗത്തിന്റെ ചെയ്തിയില്‍ സുന്നി മഹല്ല്് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത ലീഗല്‍സെല്‍ കണ്‍വീനര്‍ ജബ്ബാര്‍ ഹാജി,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിരപരാധികളായ സ്ത്രീകള്‍ നേരെയും വീടുകള്‍ക്ക് നേരെയും അക്രമം നടന്നത് തികച്ചും അപലപനീയമാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.
നേരത്തേ തൊട്ടടുത്ത പ്രദേശമായ കക്കോവ് പള്ളിയില്‍ അക്രമം അഴിച്ചുവിട്ട് പൂട്ടിച്ചപോലെ പൂട്ടിക്കാനാണ് ഇവര്‍ വിഫലശ്രമം നടത്തുന്നത്. ഈ നീക്കം നാട്ടുകാര്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. നിയമവിധേയമായ വഴിയില്‍ ചെറുത്തുതോല്‍പ്പിക്കും. ഇത് സംബന്ധിച്ച നേരത്തെ പൊലിസില്‍ പരാതി നല്‍കിയിട്ടും പൊലിസ് നിസ്സംഗത പാലിച്ചത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദപ്പെട്ടവര്‍ നിസ്സംഗത അവസാനിപ്പിക്കണമെന്നും നാട്ടില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നീതിപൂര്‍വമായി ഇടപെടണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."