പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ഉത്സവ സ്ഥലങ്ങളില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് താല്‍കാലിക പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിവ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ വ്യക്തമാക്കി.
ആലുവ മണപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങളില്ലാതെ അപകടകരമായ വിനോദ കളിയുപകരണങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി എം.എം ഗിരീഷ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട് മുന്‍ ഉത്തരവുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി കളിയുപകരണങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആലുവ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. സുരക്ഷ ഉറപ്പാക്കാതെ ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് ഇത്തവണയും അനുമതി നല്‍കിയിരിക്കുന്നുവെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. ഒരു വിധത്തിലുള്ള സുരക്ഷയും ഉറപ്പാക്കാതെയാണ് പൊതുജനങ്ങളെ റൈഡുകളില്‍ കയറ്റുന്നത്. പ്രളയത്തിന് ശേഷം മണപ്പുറത്തെ മണ്ണ് ഇളകിക്കിടക്കുകയാണ്. തറ ഉറപ്പിക്കാതെ ഇത്തരം കളികള്‍ക്ക് അനുമതി നല്‍കുന്നത് ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിന് അനുമതി നല്‍കിയതെന്ന് നഗരസഭ ചൂണ്ടിക്കാട്ടി. നഗരസഭയുടെ സാങ്കേതിക വിഭാഗം പാര്‍ക്കിന്റെയും ഉപകരണങ്ങളുടേയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് പ്രത്യേക സംവിധാനം നടപ്പാക്കാനുള്ള തീരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടറിയിച്ചത്. മാര്‍ഗരേഖ എത്രയും വേഗം അന്തിമമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രളയംമൂലം മണ്ണിളകിക്കിടക്കുകയാണെന്ന ഹരജിക്കാരന്റെ വാദം പരാമര്‍ശിച്ച കോടതി പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ ആലുവ നഗരസഭ സാധാരണയില്‍ കവിഞ്ഞ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."