കുടുംബ ജീവിതത്തിലെ ഇബ്‌റാഹീമി മാതൃക
ത്യാഗോജ്വലമായ ജീവിതം കൊണ്ട് ചരിത്രത്തില്‍ അനശ്വരത നേടിയ പ്രവാചകനാണ് ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ). സ്രഷ്ടാവിന്റെ സമക്ഷം സര്‍വവും സമര്‍പ്പിക്കാന്‍ സദാ സന്നദ്ധനായ അദ്ദേഹം ഒരു വ്യക്തി എന്നതിലുപരി ഒരു സമൂഹം തന്നെയായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. സംഭവബഹുലമായ ആ ജീവിതത്തിലെ അവിസ്മരണീയമായ അനവധി രംഗങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പല ഇടങ്ങളിലായി വിവരിച്ചിട്ടുണ്ട്. ഒരു സത്യവിശ്വാസി തന്റെ കുടുംബത്തിലും സമൂഹത്തിലും നടത്തേണ്ട ഇടപെടലുകള്‍ ഏതു വിധത്തിലാകണമെന്ന് അത്യുജ്വലമായ ആ ജീവിത മാതൃകയില്‍ നിന്ന് അനായാസം വായിച്ചെടുക്കാം.
ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകനും പ്രവാചകനുമാകേണ്ട ആ മഹാ മനീഷി ജനിച്ചു വളര്‍ന്നത് തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലായിരുന്നു. പിതൃസ്ഥാനീയനായ ആസര്‍ ബഹുദൈവ വിശ്വാസി മാത്രമല്ല, വിഗ്രഹ വ്യവസായി കൂടിയായിരുന്നു. ബഹുദൈവ വിശ്വാസത്തിന്റെ അനര്‍ഥങ്ങള്‍ അയാളെ ബോധ്യപ്പെടുത്താനുള്ള സോദ്ദേശ്യപരമായ സംഭാഷണങ്ങളിലൂടെയാണ് ഇബ്‌റാഹീം നബി(അ)യുടെ പ്രബോധന ജീവിതത്തിന് പ്രാരംഭം കുറിക്കപ്പെടുന്നത്.
അര്‍ഥവത്തായ ചോദ്യങ്ങളിലൂടെയും സരളവും സന്ദര്‍ഭോചിതവുമായ സംഭാഷണങ്ങളിലൂടെയും പ്രബോധിത സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സവിശേഷമായൊരു ശൈലി ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തിലുടനീളം കാണാം. പ്രകൃതി പ്രതിഭാസങ്ങളായ സൂര്യ ചന്ദ്ര നക്ഷത്രാദികളെ ആരാധിക്കുന്നതിന്റെ അര്‍ഥശൂന്യത അതിവിദഗ്ധമായി അവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചത് സുവിദിതമാണ്. ബിംബാരാധനയുടെ അനൗചിത്യം ബോധ്യപ്പെടുത്താന്‍ നാട്ടിലെ ആഘോഷ വേളയെ അതി സമര്‍ഥമായി ഉപയോഗപ്പെടുത്തിയതും ആള്‍ദൈവം ചമഞ്ഞിരുന്ന നാംറൂദ് രാജാവിനെ ആശയസംവാദത്തിലൂടെ പരാജയപ്പെടുത്തിയതുമെല്ലാം വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്.
ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിനു പകരം ആളുകളെ യുക്തിപൂര്‍വം കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്ന ശൈലിയാണ് ആ ജീവിതത്തിലുടനീളം കാണാന്‍ കഴിയുന്നത്. കുടുംബ ജീവിതത്തിലും ഇതേ രീതി അദ്ദേഹം പിന്തുടര്‍ന്നതായി കാണാം. പരീക്ഷണങ്ങളുടെ പേമാരിയില്‍ പതറാതെ തന്റെ സഹധര്‍മിണിയും സന്താനവും സന്തോഷപൂര്‍വം കൂടെ നിന്നതിന് കുടുംബനാഥനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ സമീപനം ഏറെ സഹായകമായിട്ടുണ്ട്.
സാറ (റ) ആയിരുന്നല്ലോ ഇബ്‌റാഹീം നബി(അ)യുടെ പ്രഥമ പത്‌നി. സന്താന സൗഭാഗ്യം വൈകിയപ്പോള്‍ തന്റെ ഭൃത്യയായിരുന്ന ഹാജറി (റ)നെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനോട് അപേക്ഷിച്ചത് അവര്‍ തന്നെയായിരുന്നു. ജീവിതത്തിന്റെ സായന്തനത്തില്‍ ആ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ കുസുമമായിരുന്നു ഇസ്മാഈല്‍ (അ). ദൈവകല്‍പനപ്രകാരം ഈ പത്‌നിയെയും പുത്രനെയും മക്കയിലെ വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ഒരു തോല്‍പാത്രത്തില്‍ വെള്ളവും മറ്റൊരു പാത്രത്തില്‍ അല്‍പം കാരക്കയും അവിടെ വച്ച് അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ഒന്നും ഉരിയാടാതെ തിരിഞ്ഞു നടക്കുകയാണ് ഇബ്‌റാഹീം നബി (അ). അപ്പോള്‍ പ്രിയ പത്‌നി ചോദിച്ചു: ഇത് അല്ലാഹുവിന്റെ കല്‍പനയാണോ?'. 'അതെ' എന്ന് ഇബ്‌റാഹീം നബി(അ)യുടെ മറുപടി കേട്ട മാത്രയില്‍ 'എങ്കില്‍ അല്ലാഹു ഞങ്ങളെ ഒരിക്കലും കൈവിടില്ല' എന്ന ഹാജര്‍ ബീവി(റ)യുടെ ആത്മഗതം വാക്കുകളായി പുറത്തുവന്നു. ഭര്‍ത്താവുമായുള്ള സഹവാസത്തില്‍ നിന്ന് ലഭിച്ച അചഞ്ചലമായ വിശ്വാസവും അര്‍പ്പണബോധവും അതിനകം അവരെ കരുത്തുറ്റ ഒരു വനിതയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
പത്‌നിയുടെയും പുത്രന്റെയും കണ്ണില്‍ നിന്ന് മറഞ്ഞ ഉടന്‍ വാത്സല്യനിധിയായ ആ കുടുംബനാഥന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: 'റബ്ബേ, നിന്റെ വിശുദ്ധ ഭവനത്തിനടുത്ത് ഊഷരമായ ഈ മരുഭൂമിയില്‍ എന്റെ കുടുംബത്തെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. ജനമനസ്സുകളെ അവരിലേക്ക് നീ ആകര്‍ഷിക്കേണമേ, എല്ലാ തരം ഫലങ്ങളും അവര്‍ക്കു നീ നല്‍കേണമേ'.
പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. പറക്കമുറ്റാത്ത പൈതലിനെയും കൊണ്ട് വിജനമായ മരുഭൂമിയില്‍ കഴിയുന്ന ഹാജര്‍ (റ)! ദാഹജലം തേടി സഫ മര്‍വ മലകള്‍ക്കിടയില്‍ ആവര്‍ത്തിച്ചുള്ള നെട്ടോട്ടം! സംസം എന്ന അത്ഭുത നീരുറവയുടെ ആകസ്മികമായ പ്രവാഹം! ആ ജലസ്രോതസ്സിനെ ചുറ്റിപ്പറ്റി അവിടെ ജനവാസം രൂപം കൊള്ളുകയും ചെയ്തു.
കുറച്ചു കാലത്തിനു ശേഷം തിരിച്ചുവന്ന ഇബ്‌റാഹീം നബി(അ) കുടുംബത്തോടൊപ്പം ജീവിതം ആരംഭിക്കുന്നു. സന്തോഷം തിരതല്ലിയ നാളുകള്‍! അതിനിടയിലാണ് പ്രിയ പുത്രനെ അറുക്കാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. ആ കാര്യത്തില്‍ പോലും പുത്രനോട് അഭിപ്രായം ചോദിക്കുന്നുണ്ട് ഇബ്‌റാഹീം (അ). കഅബയുടെ പുനര്‍നിര്‍മാണത്തിനൊരുങ്ങിയ വേളയിലും ഇങ്ങനെ പുത്രനോട് കൂടിയാലോചന നടത്തിയതായി ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
പിതാവെന്ന നിലയില്‍ സ്‌നേഹ വാത്സല്യങ്ങള്‍ കൊണ്ട് മകനെ മൂടിയിരുന്ന അദ്ദേഹം അതിപ്രധാനമായ കാര്യങ്ങളില്‍ വരെ മകനോട് കൂടിയാലോചന നടത്തുകയും വലിയ പരിഗണന നല്‍കുകയും ചെയ്തു. കഅബാലയത്തിന്റെ പുനര്‍ നിര്‍മാണം പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ പുത്രനെ പങ്കാളിയാക്കി. അനിവാര്യമായ പലായനങ്ങള്‍ക്കിടയിലും ഇടക്കിടെ വന്ന് ഭാര്യയുടെയും മകന്റെയും ക്ഷേമം അന്വേഷിച്ചു. മകന്‍ വിവാഹിതനായ ശേഷമുള്ള ഒരു സന്ദര്‍ശനത്തില്‍ കുടുംബ ജീവിതം സുഭദ്രമാക്കാനുള്ള വിലപ്പെട്ട ചില ഉപദേശങ്ങള്‍ നല്‍കി. ഇങ്ങനെ സത്യ പ്രബോധന വീഥിയിലെ സമര്‍പ്പിത സേവനത്തിനിടയില്‍ സ്വന്തം കുടുംബത്തിന് സാധ്യമായ ശ്രദ്ധയും ശിക്ഷണവും പ്രാര്‍ഥനയുടെ കരുതലും നല്‍കിയ കുടുംബ നാഥനായിരുന്നു ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."