തെരഞ്ഞെടുപ്പിന് മുന്‍പ് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി പറഞ്ഞു: പവന് കല്യാണ്‍
കഡപ്പ: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ബി.ജെ.പിക്കെതിരേ വെളിപ്പെടുത്തലുമായി മുന്‍ സഖ്യകക്ഷിയായ ജനസേനയുടെ നേതാവ് പവന് കല്യാണ്‍.
ലോക്സഭാ തെരഞ്ഞൈടുപ്പിനു മുന്‍പ് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി തന്നോട് രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നെന്ന് പവന് കല്യാണ്‍ പറഞ്ഞു. സിനിമാ നടന് ചിരഞ്ജീവിയുടെ സഹോദരനാണ് പവന്. കഡപ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധമുണ്ടാകുമെന്ന് രണ്ടു വര്‍ഷം മുന്‍പ് തന്നോടു പറഞ്ഞിരുന്നു. രാജ്യം ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ദേശസ്നേഹം ബി.ജെ.പിയുടെ കുത്തകയല്ല. അവരേക്കാള്‍ പത്തിരട്ടി ദേശസ്നേഹം നമുക്കുണ്ട്. രാജ്യത്തെ മുസ്ലിംകള് അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ട കാര്യമില്ല.
സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കാന്‍ ജനസേന പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിംകള്ക്ക് തുല്യാവകാശമുണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ തനിക്കറിയില്ല.
പക്ഷെ ഇന്ത്യന്‍ മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. അസ്ഹറുദ്ദീന് ക്രിക്കറ്റ് ടീം ക്യാപ്റ്റനാവുകയും അബ്ദുല്‍ കലാം രാഷ്ട്രപതിയാവുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."