ഫറോക്ക് നഗരസഭാ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല; യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു
ഫറോക്ക്: കൗണ്‍സില്‍ യോഗത്തിന്റെ കരട് മിനുട്ട്‌സ് വായിക്കാതെ നടപടികള്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഫറോക്ക് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു.
ഉപരോധത്തിനിടെ പൊലിസ് കൗണ്‍സില്‍ ഹാളിലേക്ക് കയറിയതും പ്രതിഷേധത്തിനിടയാക്കി. കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ അറിയാനുള്ള മെംബര്‍മാരുടെ അവകാശം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് സെക്രട്ടറിയെയും സൂപ്രണ്ടിനെയും കൗണ്‍സില്‍ ഹാളില്‍ തടഞ്ഞുവച്ചത്. ഒടുവില്‍ യോഗത്തിന്റെ കരട് മിനുട്ട്‌സ് എഴുതി തയാറാക്കി വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
എല്‍.ഡി.എഫ് ഭരണസ്വാധീനമുപയോഗിച്ച് ജനാധിപത്യത്തെ അടിമറിച്ചെന്നും യു.ഡി.എഫില്‍നിന്നു എല്‍.ഡി.എഫിലേക്ക് കൂറുമാറിയ ജനവഞ്ചകരായ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കണമെന്നുമുള്ള പ്ലക്കാര്‍ഡുകളുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തിനെത്തിയത്.യോഗം ചേര്‍ന്നയുടന്‍ ചെയര്‍പേഴ്‌സണ്‍ ഖമറുല്‍ലൈല, വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ എന്നിവര്‍ക്കെതിരേ യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി എണീറ്റുനിന്നു.
പ്രതിഷേധത്തിനിടെ ശുചീകരണ തൊഴിലാളികളെ നിയമിക്കല്‍, ക്വട്ടേഷന്‍ അംഗീകാരം നല്‍കല്‍, അടിയന്തരപ്രമേയം എന്നിവ ചര്‍ച്ച കൂടാതെ പാസാക്കുകയും യോഗം അവസാനിപ്പിച്ച് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും എല്‍.ഡി.എഫ് അംഗങ്ങളും ഹാള്‍ വിട്ട് പുറത്തേക്കിറങ്ങി. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാതെയാണ് യോഗം പിരിച്ചുവിട്ടതെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുകയായിരുന്നു.
ചെയര്‍പേഴ്‌സന്‍ യോഗം അവസാനിപ്പിച്ച് പുറത്തുപോകുമ്പോഴും അംഗങ്ങള്‍ മിനുട്‌സില്‍ ഓപ്പുവച്ച് കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നു കരട് മിനുട്‌സ് വായിക്കണമെന്നും അടിയന്തര പ്രമേയത്തില്‍ യു.ഡി.എഫ് അംഗങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു
സെക്രട്ടറിയെയും സൂപ്രണ്ടിനെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിച്ച പൊലിസിനെ യു.ഡി.എഫ് പ്രതിരോധിച്ചതോടെ ഇവര്‍ പിന്‍വാങ്ങി. പിന്നീട് ഫറോക്ക് അഡീഷനല്‍ എസ്.ഐ കൗണ്‍സില്‍ ഹാളിലെത്തി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് യോഗത്തിന്റെ കരട് മിനുട്‌സ് വായിച്ചു കേള്‍പ്പിക്കാമെന്നു ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."