സംഘ്പരിവാര്‍ ഭീഷണി: കോഴിക്കോട്ട് ഹോട്ടലിന്റെ പേരുമാറ്റി
കോഴിക്കോട്: സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട്ട് ഹോട്ടലിന്റെ പേരുമാറ്റി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍' എന്ന ഹോട്ടലിന്റെ പേരുമാറ്റാന്‍ സംഘ്പരിവാര്‍ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനുമായി ബന്ധമുള്ള കറാച്ചി പേരില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് ഹോട്ടലുടമയോട് നേതാക്കള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട് പൊറ്റമ്മലിലും ബീച്ച് റോഡിലുമുള്ള ഹോട്ടലുകളുടെ പേരില്‍നിന്ന് 'കറാച്ചി' നീക്കം ചെയ്തു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംഘ്പരിവാര്‍ പ്രാദേശിക നേതാക്കള്‍ പൊറ്റമ്മലിലെ ഹോട്ടലിലെത്തി പേരില്‍നിന്ന് 'കറാച്ചി' നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹോട്ടലുടമ ജംഷി സുപ്രഭാതത്തോട് പറഞ്ഞു. പ്രവര്‍ത്തകര്‍ പ്രകോപിതരാണെന്നും പേര് മാറ്റിയില്ലെങ്കില്‍ പ്രശ്നമുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. നാലുദിവസം മുന്‍പ് സംഘ്പരിവാര്‍ നേതാക്കള്‍ വീണ്ടും ഹോട്ടലിലെത്തി പേരുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ പേരിലെ 'കറാച്ചി' ഫ്ളക്സ് കൊണ്ട് മറച്ചതെന്നും ഹോട്ടലുടമ വ്യക്തമാക്കി.
ഒരുവര്‍ഷം മുന്‍പ് പൊറ്റമ്മലിലെ ഹോട്ടലിനടുത്ത് മുഗള്‍ മാതൃകയില്‍ മറ്റൊരു ഹോട്ടലിന്റെ നിര്‍മാണം ജംഷിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ഒരു സംഘ്പരിവാര്‍ അനുഭാവി അനധികൃതമായി പള്ളി പണിയുകയാണെന്ന കുപ്രചാരണം അഴിച്ചുവിട്ട് അതിന് സ്റ്റേ വാങ്ങിക്കുകയായിരുന്നു. ഒരുലക്ഷത്തോളം രൂപ ചെലവിട്ടാണ് ബീച്ച് റോഡിലെ ഹോട്ടലില്‍ ആകര്‍ഷകമായ ലൈറ്റുകളോടെ നെയിംബോര്‍ഡ് സ്ഥാപിച്ചത്.
'കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍' എന്ന പേരില്‍ തന്നെയാണ് ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. സ്ഥിരമായി ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നവര് തന്നെയാണ് പേരുമാറ്റല്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തിയതെന്നും ഹോട്ടലുടമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."