ആവശ്യത്തിനു വാഹനവും ഉദ്യോഗസ്ഥരുമില്ല ഓടിക്കിതച്ച് വനംവകുപ്പ്
തളിപ്പറമ്പ്: തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് പരിധിയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനവുമില്ലാത്തത് വനം വകുപ്പിന് തലവേദനയാകുന്നു. വര്‍ധിച്ചു വരുന്ന പരാതികളില്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ സാധിക്കാത്തതിനാല്‍ ഏറെ പഴി കേള്‍ക്കുകയാണ് വകുപ്പ്. അടുത്തകാലത്തായി പുലിയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യവും ഉഗ്രവിഷമുളള പാമ്പുകള്‍ കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തുന്നതും കുരങ്ങു ശല്ല്യം എന്നിങ്ങനെ പരാതികള്‍ ഏറിവരികയാണ്. പരിയാരം ഭാഗത്ത് കഴിഞ്ഞയാഴ്ച രണ്ടു കാത്തുപോത്തുകളെ കണ്ടതായി സ്ഥിരീകരണവുമുണ്ട്.
ഒരേ സമയം ഒന്നിലേറെ പരാതികള്‍ വരുമ്പോള്‍ ആകെയുള്ള ഒരു വാഹനം കൊണ്ട് എവിടെയെല്ലാം ഓടിയെത്തണമെന്നറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍. പലപ്പോഴും വളരെ ചെറിയ പ്രശ്നങ്ങള്‍ക്കുപോലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ ആശ്രയിക്കേണ്ടിയും വരുന്നു. കാടിറങ്ങി വരുന്ന മൃഗങ്ങള്‍ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്നതായതിനാല്‍ വനം വകുപ്പിന് നിരവധി പരിമിതികളാണുള്ളത്.
ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും ജീവന് ഒരുപോലെ സംരക്ഷണം നല്‍കാനുളള ബാധ്യത വകുപ്പിനുണ്ട്. റിസര്‍വ് പ്രദേശം കുറവാണെങ്കിലും അടുത്തകാലത്തായി പുലിയുടെയും ഇപ്പോള്‍ കാട്ടുപോത്തിന്റെയും സാന്നിധ്യവും കുരങ്ങന്മാരുടെ ശല്ല്യം പോലെയുളള പരാതികളും ഏറിവരുന്ന സാഹചര്യത്തില്‍ വനം വകുപ്പിന് നിലവിലുളള വാഹനത്തിന് പുറമെ മലയോര മേഖലയിലേക്ക് പുതിയ വാഹനവും ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന ആവശ്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."