പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി മര്‍ദിച്ചുകൊന്ന കേസ്: ജയില്‍ വാര്‍ഡന്‍ പിടിയില്‍; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും പങ്ക്
ചവറ: പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദിച്ച ഐ.ടി.ഐ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ പിടിയിലായി. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്. പിടിയിലായ പ്രതി വിനീതിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. കഴിഞ്ഞ മാസം 14ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.
ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലെത്തിയ സംഘം പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ പിടിച്ച് പുറത്തിറക്കിയശേഷം തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരുക്കേറ്റു. പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും സംഘം ചെവിക്കൊണ്ടില്ല. ബോധരഹിതനായ രഞ്ജിത്തിനെ ബന്ധുക്കള്‍ താലൂക്ക് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് രഞ്ജിത്ത് മരിച്ചത്. വിനീതിന്റെ നേതൃത്വത്തിലുള്ള അക്രമത്തില്‍ സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പൊലിസ് പറയുന്നു. ഇയാള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ചവറ തെക്കുംഭാഗം പൊലിസ് സ്‌റ്റേഷനിലെത്തി രഞ്ജിത്തിന്റെ കുടുംബം പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കാന്‍ പോലും പൊലിസ് എത്തിയില്ലെന്ന് രഞ്ജിത്തിന്റെ പിതാവ് രാധാകൃഷ്ണപിള്ള പറയുന്നു. എന്നാല്‍ തിരിച്ച് കേസെടുക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."