ഹൈവേയിലെ സ്വര്‍ണക്കവര്‍ച്ച; സംഘത്തിലെ പ്രധാനി പിടിയില്‍
ചാലക്കുടി: നെടുമ്പാശ്ശേരി വഴി കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിന് സമീപം കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി.
കൊരട്ടി വാലുങ്ങാമുറി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിജോ പോള്‍ എന്ന ഫാന്റം പൈലി (35) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
വിദേശത്തായിരുന്ന ഷിജോ പോള്‍ നാട്ടിലെത്തിയ ശേഷം എയര്‍പ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്ന ആളുകളെ നിരീക്ഷിക്കുകയും തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന് അവരുടെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് നല്‍കുകയുമാണ് ചെയ്തിരുന്നത്. കവര്‍ച്ചാ മുതല്‍ ഇവര്‍ പങ്കിട്ടെടുക്കുകയും ചെയ്തിരുന്നു.
കവര്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഇടുക്കി ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
സംഘാംഗങ്ങള്‍ തമ്മില്‍ പരിചയമില്ലാത്തതിനാല്‍ മുഖ്യ സൂത്രധാരന്‍മാരെ പിടികൂടുവാന്‍ പൊലിസിന് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.പി വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈ.എസ്.പി.കെ ലാല്‍ജി, ചാലക്കുടി സി.ഐ ജെ മാത്യു, ചാലക്കുടി എസ്.ഐ വി.എസ് വല്‍സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേരളത്തില്‍ എയര്‍പോര്‍ട്ട് പരിസരം, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മാസങ്ങളായി നടത്തിയ അന്വേഷണമാണ് ഷിജോ പോളിനെ പിടികൂടാന്‍ സഹായമായത്.
കൊരട്ടി സ്റ്റേഷനില്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു യുവാവിനെ തലക്ക് വെട്ടി പരുക്കേല്‍പിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ടടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ ഷിജോ പോള്‍. പ്രതിയെ പിടികൂടിയ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, റോയ് പൗലോസ്, സതീശന്‍ മടപ്പാട്ടില്‍, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, എം.ജെ ബിനു, ചാലക്കുടി സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ബൈജു പൊന്നോത്ത് എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."