കാഞ്ഞൂരില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു
പുതുക്കാട്: കാഞ്ഞൂര്‍ എരിപ്പോട് റോഡിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിതെറിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. വൈദ്യുത കമ്പികള്‍ പൊട്ടിവീഴുകയും ഫ്യൂസ് കാരിയര്‍ കത്തിനശിക്കുകയും ചെയ്തു. ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അറ്റകുറ്റപണികള്‍ തീര്‍ത്ത് ചാര്‍ജ് ചെയ്തയുടനെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് ഓയില്‍ പുറത്തേക്കൊഴുകിയതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീ ആളിപടരുന്നതിനിടയില്‍ റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ കടന്നുപോയിരുന്നു. പിന്നീട് പുതുക്കാട് ഫയര്‍ഫോഴ്‌സ് എത്തി ഗതാഗതം നിയന്ത്രിച്ചതിന് ശേഷമാണ് തീയണച്ചത്. അര മണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണച്ചു. ട്രാന്‍സ്‌ഫോര്‍മര്‍ കത്തി നശിച്ചതോടെ പുതുക്കാട് സബ് സ്റ്റേഷന് കീഴില്‍ ഒരു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച സമയത്ത് മേഖലയിലെ വീടുകളില്‍ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചതായും പറയുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."