കാലാവസ്ഥ വ്യതിയാനം; തമിഴ്‌നാട്ടില്‍നിന്നുള്ള ചെമ്മരിയാട് സംഘങ്ങളെയും ബാധിച്ചു
മങ്കര: കാലാവസ്ഥ വ്യതിയാനം തമിഴ്‌നാട്ടില്‍നിന്നുമുള്ള ചെമ്മരിയാടു സംഘങ്ങളെയും ബാധിച്ചു. സാധാരണ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കേരളത്തിലേയ്ക്ക് തമിഴ്‌നാട്ടില്‍നിന്നും ചെമ്മരിയാടുകള്‍ എത്തുന്നത്. മുന്‍കാലങ്ങളില്‍ 10, 15 സംഘങ്ങള്‍ ഉണ്ടായിരുന്നത്് ഇപ്പോള്‍ വിരലിലെണ്ണാവുന്ന സംഘങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. കഞ്ചിക്കോട്, പുതുശ്ശേരി, കിണാശ്ശേരി, യാക്കര, പെരുവെമ്പ്, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, മുണ്ടൂര്‍ എന്നിവടങ്ങളിലെ പാടശേഖരങ്ങളിലേയ്ക്കാണ് ചെമ്മരിയാടു സംഘങ്ങള്‍എത്തിയത്. ഓരോ സംഘത്തിലും ആയിരം ആടുകള്‍ വരെയുണ്ടാകും. ഈ സംഘത്തലവനൊപ്പം സഹായത്തിനായി നാലോ, അഞ്ചോ പേരുണ്ടാകും ആടുകള്‍ക്ക് കാവലായി നാലു നായക്കളുമുണ്ട്. പകല്‍ സമയത്ത് പാടത്ത് മേയാന്‍ വിടുന്ന ആടുകളെ സന്ധ്യമയങ്ങുന്നതോടെ കൂട്ടിലാക്കും. ആടുകള്‍ കൃഷിയിടങ്ങളില്‍ ഇടുന്ന കാഷ്ഠം ട്രാക്ടറുപയോഗിച്ച് മണ്ണിനോടൊപ്പം ചേര്‍ക്കുന്നതാണ് കര്‍ഷകന്റെ രീതി. ഒരുതവണ ഒരു കര്‍ഷകന്റെ പാടത്താണ് 10 ദിവസമെങ്കിലും ഇത്തരത്തില്‍ ആടുകളെ മേയക്കാന്‍ വിടണം. ഒരേക്കര്‍ പാടത്ത് ആടുകളെ വിടുന്നതിനായി 500-600 രൂപ വരെയാണ് കര്‍ഷകരില്‍നിന്നും വാങ്ങുന്നത്. ആടുകളുമായി കൂടെ വരുന്ന ആളുകള്‍ക്ക് ചെലവും നായക്കളുടെ ഭക്ഷണ ചെലവ് എന്നിവ പുതിയ സംഘത്തലവന്‍ വഹിക്കണം. കാലാവസ്ഥ വ്യതിയാനവും ഇടക്കാലത്തുണ്ടായ സാമ്പത്തിക മാന്ദ്യവും കാര്‍ഷിക മേഖലയെ തളര്‍ച്ചയിലേയ്ക്കാണ് നയിക്കുന്നത്. തമിഴ്‌നാട്ടിലെ ചെമ്മരിയാടിന്റെ സംഘങ്ങളെ ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്.
ഒരുതവണ വന്നാല്‍ ഒരു സംഘം 5-10 വരെ കര്‍ഷകരുടെ പാടങ്ങളില്‍ ആടുകളെ വിന്യസിക്കാറുണ്ട്. ഇത്തതവണ ഒന്നോ രണ്ടോ പാടങ്ങളില്‍ മാത്രം ഒതുക്കേണ്ട സ്ഥിതിയാണെന്ന് വര്‍ഷാ വര്‍ഷം കോയമ്പത്തൂരില്‍നിന്നും പാലക്കാട്ടെക്ക്്് ആടുകളുമായെത്തുന്ന ആറുമുഖന്‍ പറയുന്നു. മങ്കരയ്ക്കു സമീപം കണ്ണംപരിയാരത്ത് സ്വകാര്യ വ്യക്തിയുടെ നെല്‍പ്പാടത്താണ് ആറുമുഖന്റെ ചെമ്മരിയാടിന്‍കൂട്ടം ഇപ്പോള്‍ മേയുന്നത്. വെയിലിന്റെ കാഠിന്യവും ജലദൗര്‍ലഭ്യതയും ആടുകള്‍ക്ക് ഭീക്ഷണിയാണ്. വര്‍ഷത്തില്‍ രണ്ടുതവണ പ്രസവിക്കുന്ന കൂട്ടികള്‍ക്ക് 5,000 രൂപവരെ ലഭിക്കാറുണ്ട്. എന്നാല്‍ പ്രായമായ ആടുകളുടെ രോമം വെട്ടിമാറ്റുന്നതിലൂടെ വിപണിയില്‍ 1,000-1,500 രൂപവരേ ലഭിക്കുകയുള്ളൂ. വരുംകാലങ്ങളില്‍ ആടുവളര്‍ത്തല്‍ പ്രതിസന്ധിയിലാകുമെന്നും ഇനി കേരളത്തിലെ നെല്‍പാടങ്ങലില്‍ മേയാനെത്തുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍ ഓര്‍മയാകുന്ന സ്ഥിതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."