ജൂണിലെ വാണിജ്യനികുതി വരുമാനത്തില്‍ വര്‍ധന
തിരുവനന്തപുരം: ജൂണ്‍ മാസത്തിലെ വാണിജ്യനികുതി പിരിവില്‍ മികച്ച വര്‍ധനയുണ്ടായെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ നികുതി 19 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. മെയ് മാസത്തില്‍ 10 ശതമാനവും അതിനുമുമ്പ് 12 ശതമാനവുമാണ് വളര്‍ച്ചരേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി വര്‍ധന 12 ശതമാനമാണ്. അതിനുമുന്‍പത്തെ ശരാശരി 10 ശതമാനം ആയിരുന്നു. 2012-13 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് വാണിജ്യനികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടാകുന്നത്.
പുതിയ സര്‍ക്കാര്‍ വന്നശേഷം നികുതി പിരിവ് ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കാര്യമായി ഇടപെടല്‍ നടത്താതെയാണ് കഴിഞ്ഞമാസം വര്‍ധന ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാപാരികള്‍ സ്വമേധയാ നികുതി അടക്കാന്‍ തയാറായതാണെന്നും സര്‍ക്കാര്‍ ഇത് പിടിച്ചുവാങ്ങിയതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ സാഹചര്യത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം വാണിജ്യനികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പരമാവധി നികുതി വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതിവര്‍ധന ഉണ്ടായേക്കില്ല എന്നാണു ധനമന്ത്രി നല്‍കുന്ന സൂചന.
ഇതേതോതില്‍ നികുതി വര്‍ധിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് റവന്യൂകമ്മി ഒഴിവാക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."