കൊറോണ വൈറസ് മനുഷ്യനിര്‍മിതമെന്നതിന് തെളിവുണ്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് വിഷയത്തില്‍ ചൈനയെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണെന്നതിനു തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ടത്. ചൈനയ്‌ക്കെതിരായ നീക്കം അദ്ദേഹം കടുപ്പിച്ചിരിക്കുകയാണ്.
വൈറസ് എങ്ങനെ, എവിടെനിന്ന് ഉത്ഭവിച്ചുവെന്നത് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന യു.എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയരക്ടറുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തന്റെ പക്കല്‍ തെളിവുണ്ടെന്ന ട്രംപിന്റെ പ്രസ്താവന. എന്നാല്‍, എന്താണ് തെളിവുകളെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ലോകാരോഗ്യ സംഘടന ചൈനയുടെ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു. നേരത്തേതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഈ ആരോപണം ഉയര്‍ത്തുന്നുണ്ടെങ്കിലും അവയെല്ലാം ചൈന നിരന്തരം തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇതേ ആരോപണവുമായി ട്രംപ് രംഗത്തെത്തിയപ്പോള്‍, അമേരിക്കയിലെ ചില രാഷ്ട്രീയക്കാര്‍ ചൈനയെ ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം. പിന്നാലെ, നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തി.
എന്നാല്‍, തങ്ങള്‍ക്കതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അമേരിക്കയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു ചൈനയെ വലിച്ചിഴക്കുന്നത് ആ രാജ്യക്കാര്‍ തിരിച്ചറിയണമെന്നുമായിരുന്നു ചൈനയുടെ മറുപടി. ഇതിനു പിന്നാലെയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്.
അതേസമയം, ചൈനാവിരുദ്ധത മുതലെടുത്ത് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു.
ട്രംപിനെ തള്ളി, ചൈനയെ
അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി ലോകാരോഗ്യ സംഘടന.
വൈറസ് മനുഷ്യനിര്‍മിതമാണെന്നതിന് തെളിവില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വുഹാനിലെ മാര്‍ക്കറ്റുകളിലെ മൃഗങ്ങളില്‍നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നുതന്നെയാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും പറയുന്നത്. കൊവിഡിനെ നേരിട്ട രീതിക്ക് ചൈനയെ അഭിനന്ദിക്കാനും ലോകാരോഗ്യ സംഘടന തയാറായി. മഹാമാരിയെ എങ്ങനെ നിയന്ത്രിക്കാമെന്ന് വുഹാനിനെ കണ്ടുപഠിക്കണമെന്നാണ് സംഘടനയുടെ ടെക്‌നിക്കല്‍ മേധാവി മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."