തീരദേശ മേഖല കേന്ദ്രീകരിച്ച് വിസാ തട്ടിപ്പ് വ്യാപകം
കഴക്കൂട്ടം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ജില്ലയിലെ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം സജീവമാകുന്നത്. ഈ സംഘങ്ങളില്‍ സ്ത്രീകളും ഉണ്ടെന്നാണ് അറിയുന്നത്. ഇവരുടെ കെണിയില്‍പെട്ട് ലക്ഷങ്ങള്‍ നഷ്ടമായവര്‍ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളിലെയും മറ്റു പൊലിസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായവരുടെ നിരവധി പരാതികളുമുണ്ട്.
ജി.സി.സി രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇസ്‌റാഈല്‍, ലണ്ടന്‍, അമേരിക്ക, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിസ നല്‍കാമെന്നു പറഞ്ഞ് സംഘം ലക്ഷങ്ങള്‍ കൈകലാക്കുന്നത്. കുട്ടികളടക്കം കുടുംബസമേതമാണ് പലരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനായി പണം നല്‍കുന്നത്. അമേരിക്കയിലേക്ക് ഒരു കുടുംബവിസക്ക് 20 ഉം 22 ഉം ലക്ഷമാണു സംഘം ഈടാക്കുന്നത്. ഏജന്റിന്റെ പക്കല്‍ വിസക്കുള്ള പണം നല്‍കിയ ശേഷം ചെന്നൈ എംബസിയില്‍ നടത്തുന്ന പരിശോധനയില്‍ തന്നെ ഭൂരിഭാഗം പേരും യാത്ര ചെയ്യാന്‍ അയോഗ്യരായിത്തീരും. ഇതോടെ തന്നെ ഇവര്‍ നല്‍കിയതിന്റെ നല്ലൊരു ഭാഗം പണവും ഇതിനായി ചെലവായി എന്നാണു തട്ടിപ്പുകാരുടെ മറുപടി.
ചില കുടുംബങ്ങള്‍ക്കു യാത്രചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ ഇവര്‍ ചെന്നെത്തുന്നത് നേരത്തെ പറഞ്ഞുറപ്പിക്കുന്ന സ്ഥലത്തേക്കായിരിക്കില്ല. ഇങ്ങനെ പലരും ചൂഷണത്തിനും പീഡനത്തിനുമാണ് ഇരയാകുന്നത്. നിരവധി കുടുംബങ്ങള്‍ ഇങ്ങനെയുള്ള കെണികളില്‍പെട്ട് ഏറെ ദുരിതമനുഭവിക്കുന്നതായും ചില കുടുംബങ്ങള്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയതായുമാണു അറിയുന്നത്. എന്നാല്‍ സന്ദര്‍ശക വിസയിലും തീര്‍ത്ഥാടക വിസയിലും ഇസ്‌റാഈല്‍ പോലുള്ള രാജ്യങ്ങളില്‍ പോകുന്നവര്‍ കലാവധി കഴിയുന്നതോടെ മറ്റെവിടെയെങ്കിലും മാറിനിന്ന് ജോലി നോക്കുന്നതാണു പതിവ്. ഇതില്‍ പലരും ആ രാജ്യത്തെ നിയമക്കുരുക്കില്‍ പെടുന്നതായാണു വിവരം.
വിസക്കു പണം നല്‍കി തട്ടിപ്പിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണു ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുള്ളത്. കഠിനംകുളം, കഴക്കൂട്ടം, തുമ്പ, അഞ്ച്‌തെങ്ങ്, സ്റ്റേഷന്‍കടവ്, ശംഖുമുഖം, വലിയതുറ, വിഴിഞ്ഞം പൊലിസ് സ്റ്റേഷനുകളിലായി നിരവധി പരാതികള്‍ നിലവിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. വെട്ടുതുറ സ്വദേശിയായ യുവാവ് കുടുംബസമേതം യു.എസില്‍ പോകാന്‍ ഏജന്റുവശം 22 ലക്ഷം രൂപ നല്‍കുകയും ഒടുവില്‍ യാത്ര നടക്കാതെ വന്നതോടെ പണം വാങ്ങിയ ഏജന്റ് 10 ലക്ഷം തിരികെ നല്‍കുകയും ചെയ്തു. ബാക്കി പണത്തിനും കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനുമായി ഏജന്റിനെ സമീപിച്ചപ്പോല്‍ ആക്രമിച്ചും പാസ്‌പോര്‍ട്ടുകള്‍ വലിച്ചുകീറി മുഖത്തെറിഞ്ഞുമാണു ഏജന്റ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഠിനംകുളം പൊലിസ് ഏജന്റിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരേ വാദിയായ യുവാവ് ഡി.ജി.പി ഉല്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും ഫലമില്ലന്നാണ് അറിയുന്നത്. ഇതേ രീതിയിലുള്ള നിരവധി സംഭവങ്ങള്‍ വേറേയുമുണ്ട്. സ്ത്രീകളെ വിദേശ രാജ്യങ്ങളിലേക്കു കടത്തുന്ന സംഘങ്ങളും വ്യാപകമാണ്. പല സ്ത്രീകളും ഇവരുടെ ചതിയില്‍പെട്ട് പീഡനമേറ്റ വാര്‍ത്തയും നിരവധിയാണ്. വിനോദസഞ്ചാരത്തിന്റെ മറവില്‍ ലൈംഗിക വ്യാപാരവും മസാജ് പാര്‍ലറുകളിലെ സേവനങ്ങള്‍ക്കും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വിദേശത്തെത്തിച്ച് വില്‍പന ന്നടത്തുന്ന റാക്കറ്റുകളും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."