പൊലിസ് ദാസ്യവേല: ഇനി അനൗദ്യോഗിക കണക്കെടുപ്പും
കോഴിക്കോട്: സംസ്ഥാനത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി ദാസ്യവേല ചെയ്യേണ്ടി വരുന്ന ക്യാംപ് ഫോളോവര്‍മാരുടെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അനൗദ്യോഗിക കണക്കെടുപ്പും നടക്കും.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാംപ് ഓഫിസുകളിലും ജോലി ചെയ്യുന്നവരുടെ കണക്ക് അടിയന്തരമായി തയാറാക്കി നല്‍കാന്‍ പൊലിസ് ആസ്ഥാനത്തുനിന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഔദ്യോഗികമായി നല്‍കുന്ന ഈ റിപ്പോര്‍ട്ടിന് പുറമെയാണ് പൊലിസ് ജീവനക്കാരുടെ സംഘടനകളും കണക്ക് ശേഖരിക്കാന്‍ തയാറെടുക്കുന്നത്.
കോഴിക്കോട്, വടകര പൊലിസ് ജില്ലകളിലുമായി നിലവില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ സിറ്റി പൊലിസ് ചീഫിന് കീഴില്‍ സിറ്റി എ.ആര്‍ ക്യാംപിലെ മൂന്നുപേര്‍ അനധികൃതമായി ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കുക്കിങ്, ധോബി എന്നീ ജോലികള്‍ക്ക് പുറമേ പാര്‍ട് ടൈം സ്വീപ്പര്‍ അവധിയില്‍ പോയതിനാല്‍ ഇപ്പോള്‍ ഈ ജോലിക്കും എ.ആര്‍ ക്യാംപില്‍ നിന്നുള്ളയാളെ ഉപയോഗപ്പെടുത്തുകയാണ്. ഇവരെ ക്യാംപിലേക്ക് തിരികെ വിളിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും കമ്മിഷണര്‍ വഴങ്ങുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തേ ഡി.സി.പി റാങ്കിലിരുന്ന ഉദ്യോഗസ്ഥയും രണ്ടുപേരെ ജോലികള്‍ക്കായി നിയോഗിച്ചിരുന്നു.
ഇവരെ ഇപ്പോള്‍ റെയില്‍വേ എസ്.പിയായി നിയമിച്ചിരിക്കുകയാണ്. ഔദ്യോഗികമായി നല്‍കുന്ന കണക്കുകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. മിക്ക ജില്ലകളില്‍നിന്നും വിവരങ്ങള്‍ പൊലിസ് ആസ്ഥാനത്ത് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് സമാന്തരമായി കണക്കെടുപ്പ് നടത്തുന്നതില്‍ പ്രത്യേകതയുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ ജീവനക്കാര്‍ ദാസ്യവേല ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ അത് സംഘടനാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്ന നേതാക്കള്‍ ചെറുതല്ല. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരായി പ്രയോഗിക്കാന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തണമെന്ന ആവശ്യക്കാരും സംഘടനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."