ഭൂമിക്കു സമാനമായ ഗ്രഹത്തില്‍ വായുമണ്ഡലം കണ്ടെത്തി
ലണ്ടന്‍: ഭൂമിക്കു സമാനമായി കണ്ടെത്തിയ ഗ്രഹത്തില്‍ വായുമണ്ഡലമുള്ളതായി ശാസ്ത്രജ്ഞര്‍. രണ്ടുവര്‍ഷം മുന്‍പ് ചിലിയിലെ ശാസ്ത്രസംഘം കണ്ടെത്തിയ പുതിയ ഗ്രഹമായ ജിജെ(ഗ്ലീസെ) 1132ബിയിലാണ് വായുമണ്ഡലമുണ്ടെന്ന വെളിപ്പെടുത്തല്‍.
പുതിയ ഗവേഷണപ്രകാരം ജലമോ മീഥൈനോ അല്ലെങ്കില്‍ രണ്ടിന്റെയും മിശ്രിതമോ ആയ വാതകത്തിന്റെ കട്ടിയുള്ള പാളികൊണ്ടു മൂടിയ നിലയിലാണ് ജിജെ 1132ബി.
ഭൂമിയില്‍നിന്ന് 39 പ്രകാശവര്‍ഷം അകലെയുള്ള പുതിയ ഗ്രഹത്തില്‍ ജീവന്‍ സാധ്യമല്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഭൂമിക്കു പുറത്തും ജീവന്‍ സാധ്യമായ സ്ഥലം കണ്ടെത്താനുള്ള ശാസ്ത്രാന്വേഷണത്തില്‍ പുതിയ ഗവേഷണം വഴിത്തിരിവാകും.
അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി പുറത്തിറക്കുന്ന ദ ആസ്‌ട്രോഫിസിക്കല്‍ ജേണലാണു പുതിയ പഠനം പുറത്തുവിട്ടത്. 370 ഡിഗ്രി സെല്‍ഷ്യസാണ് പുതിയ ഗ്രഹത്തിലെ അന്തരീക്ഷ ഊഷ്മാവെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍, ജീവന്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന താപനില 120 ഡിഗ്രി സെല്‍ഷ്യസാണെന്നും അതിനാല്‍ പുതിയ ഗ്രഹവുമായി ബന്ധപ്പെട്ട ജീവല്‍പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും ഇംഗ്ലണ്ടിലെ കീലീ സര്‍വകലാശാലയിലെ ഗവേഷകവിഭാഗം തലവനായ ഡോ. ജോണ്‍ സൗത്ത്‌വര്‍ത്ത് പറഞ്ഞു.
2015 മേയിലാണ് ജിജെ 1132ബി ഗ്രഹം കണ്ടെത്തിയത്. തെക്കന്‍ അര്‍ധഗോളത്തിലെ നക്ഷത്രസമൂഹത്തിലാണ് പുതിയ ഗ്രഹം സ്ഥിതിചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."