തെലങ്കാനയില്‍ ഹിന്ദുവൃദ്ധന് മരണാനന്തര ചടങ്ങു നടത്തിയത് മുസ്‌ലിം സ്ത്രീ
വാറങ്കല്‍: തെലങ്കാനയില്‍ ഹിന്ദുമത വിശ്വാസിയുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്തത് മുസ്‌ലിം സ്ത്രീ. വാറംഗല്‍ ജില്ലയിലെ ഹനാംകോണ്ടയിലാണ് സംഭവം. ഇവിടെ വൃദ്ധസദനം നടത്തുന്ന മുഹമ്മദ് യാക്കൂബിയാണ് ചടങ്ങുകള്‍ ചെയ്തത്. ഭര്‍ത്താവ് ചോട്ടുവിനൊപ്പമാണ് ഇവര്‍ സദനം നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പാണ് പഴയ ഹനാംകോണ്ട ബസ് ഡിപ്പോയ്ക്ക് അടുത്തുള്ള വഴിയരികില്‍ കിടന്നുറങ്ങുന്ന കീര്‍ത്തി ശ്രീനിവാസിനെ ഇവര്‍ കാണുന്നത്. ശരീരം തളര്‍ന്നു പോയ ഇദ്ദേഹത്തെ തന്റെ സദനത്തിലേക്ക് കൊണ്ടുവന്നു. ചികിത്സയും പരിചരണവും നല്‍കിയെങ്കിലും അനാരോഗ്യാവസ്ഥ തുടരുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൃദ്ധന്‍ മരിച്ചു. ശ്രീനിവാസന്റെ മകന്‍ സന്തോഷിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഇയാള്‍ സ്ഥലത്ത് എത്തിയെങ്കിലും താന്‍ ക്രിസ്തുമതം സ്വീകരിച്ചതിനാല്‍ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയില്ലെന്നും ശരീരം ഏറ്റുവാങ്ങില്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യാകൂബി പറഞ്ഞു. ഇത്രയും ദിവസം താന്‍ അദ്ദേഹത്തെ നോക്കി. മരണത്തിലും അദ്ദേഹത്തെ സേവിക്കാന്‍ സാധിച്ചു. എന്റെ സ്വന്തം പിതാവിനെ പോലെയായിരുന്നു ശ്രീനിവാസയെന്നും യാക്കൂബി പറഞ്ഞു. തയ്യല്‍ക്കാരനായിരുന്ന ശ്രീനിവാസിനെ കുടുംബം പുറത്താക്കിയതിനെ തുടര്‍ന്ന് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."