ആവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നേക്കും ലോറി സമരം വിപണിയെ തളര്‍ത്തുന്നു
കോഴിക്കോട്: ഒരാഴ്ച പിന്നിട്ട ലോറി സമരം വിപണിയെ ബാധിച്ചു തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കു വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണിത്.
പച്ചക്കറിയുടെയും പലചരക്കിന്റെയും വരവ് കുറഞ്ഞത് വില കുത്തനെ ഉയരാന്‍ ഇടയാക്കിയേക്കും. ഇത് അടുത്തയാഴ്ചയിലെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളെയും ബാധിച്ചേക്കും.
സമരം വകവെക്കാതെ ചരക്കുകളുമായി വാഹനങ്ങളെത്തിയതും അത്യാവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടായിരുന്നതുമാണ് ഇതുവരെ വിപണിയെ പിടിച്ച് നിര്‍ത്തിയത്. എന്നാല്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാകുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കും.
ഇന്നു മുതല്‍ രാജ്യ വ്യാപകമായി സമരം വ്യാപിപ്പിക്കാന്‍ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് തിങ്കളാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. അഖിലേന്ത്യ സമരം മുന്നില്‍ കണ്ട് ചരക്കുമായി വിദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുകയാണ്. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ വരവും നിലക്കും.
ഇന്നലെ പച്ചക്കറി വിപണിയില്‍ മുളകിന് വില വര്‍ധിച്ചു. 120 രൂപവരെയാണ് ചില്ലറ കച്ചവടക്കര്‍ ഇന്നലെ ഒരു കിലോക്ക് ഈടാക്കിയത്.
ഗുണമേന്മയുള്ള മുളക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം മറ്റുപച്ചക്കറികള്‍ക്ക് കാര്യമായ വിലവര്‍ധനയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."