സമൂഹവ്യാപനം: ആദ്യ ഫലങ്ങള്‍ ആശ്വാസം
തിരുവനന്തപുരം: കൊവിഡ്19 സമൂഹ വ്യാപനം സംബസിച്ച ആദ്യഘട്ട പരിശോധനാ ഫലങ്ങള്‍ കേരളത്തിന് ആശ്വാസം. വിവിധ സാംപിള്‍ പരിശോധനകള്‍ സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
എന്നാല്‍ അടുത്ത ഘട്ടം വ്യാപന സാധ്യത ഏറെയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണമെന്നാണ് സംസ്ഥാന വിദഗ്ധ സമിതി നല്‍കുന്ന നിര്‍ദേശം.
വലിയ തോതില്‍ പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്നതിനാല്‍ കൂടുതല്‍ പരിശോധനാ സംവിധാനം ഒരുക്കേണ്ട ഘട്ടത്തിലാണ്. ഇതിനായി സംസ്ഥാനത്തിന് കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ആവശ്യമാണ്.
ലോക്ക്ഡൗണ്‍ ഫലപ്രദമാക്കി കൊ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും മരണവും കുറയ്ക്കാന്‍ കഴിഞ്ഞു. 400 പേരെ ചികില്‍സിച്ച് കൊവിഡ് മുക്തരാക്കാനും ഒരു ലക്ഷത്തിന് മുകളില്‍നിന്ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നാലില്‍ ഒന്നാക്കി മാറ്റാനും കഴിഞ്ഞു. കൊവിഡ് ലക്ഷണമുള്ള 31,183 സാംപിള്‍ പരിശോധനയില്‍ 30,358 എണ്ണവും രോഗബാധയില്ലെന്ന് വ്യക്തമായി.
ഏപ്രില്‍ 26ന് ഒറ്റ ദിവസം 3000 സാംപിള്‍ എടുത്തു നടത്തിയ സമൂഹ പരിശോധനയില്‍ ആകെ നാല് രോഗബാധിതര്‍ മാത്രമാണുണ്ടായിരുന്നത്. 14 സാംപിളുകള്‍ പുനഃപരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലായുള്ളവര്‍ തുടങ്ങിയവരില്‍ 2093 സാംപിള്‍ പരിശോധനയില്‍ ഫലം വന്നതില്‍ 1234 കേസുകള്‍ നെഗറ്റീവാണ്.
പാലക്കാട് അതിര്‍ത്തി പ്രദേശത്തെ 600 പേരുടെ സാംപിള്‍ എടുത്ത് പൂള്‍ ടെസ്റ്റ് നടത്തുന്നതിനായി ആലപ്പുഴ വൈറോളജി ലാബിന് നല്‍കിയിരിക്കുകയാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 418 സാംപിളുകളില്‍ നടത്തിയ സമൂഹിക നിരീക്ഷണ പരിശോധനയില്‍ 355 ആദ്യഫലത്തില്‍ എല്ലാം നെഗറ്റീവ്. 63 എണ്ണം പരിശോധനാ ഘട്ടങ്ങളിലാണ്.
സംസ്ഥാനത്തിനാവശ്യമായ ആര്‍ എന്‍.എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളും പി.സി.ആര്‍ കിറ്റുകളും ലഭ്യമായിട്ടുണ്ടെങ്കിലും വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയുന്ന ആന്റിബോഡി കിറ്റുകള്‍ ലഭ്യമായിട്ടില്ല. ചൈനയില്‍നിന്നുള്ള കിറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയതും എച്ച്.എല്‍.എല്ലിന്റെ ആന്റിബോഡി കിറ്റുകളുടെ സാംപിള്‍ പരിശോധനയില്‍ പരാജയപ്പെട്ടതും തിരിച്ചടിയായി.
പ്രവാസികള്‍ എത്തുമ്പോള്‍ കൂടുതല്‍ സാംപിളുകള്‍ ഒരുമിച്ച് പരിശോധിക്കുന്ന പൂള്‍ ടെസ്റ്റ് നടത്തുകയും തുടര്‍ന്ന് ആന്റിബോഡി ടെസ്റ്റ് നടത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാനം കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ഐ.സി.എം. ആറിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."