ആമിനുമ്മയ്ക്കിത് സ്വപ്‌നസാഫല്യം; അടിയന്തരാവസ്ഥക്കാലത്ത് അവകാശമില്ലാതായ ഭൂമിക്ക് 50 വര്‍ഷത്തിന് ശേഷം പട്ടയം ലഭിച്ചു
കോഴിക്കോട്: എന്നെ കെട്ടിച്ച് കൊണ്ട് വന്നത് മുതല്‍ താമസിക്കുന്ന സ്ഥലമാ. അന്ന് അടിയന്തരവാസ്ഥ കാലത്താണ് പുറമ്പോക്കാണെന്ന് പറഞ്ഞ് ഞങ്ങളെ ഒഴിപ്പിച്ചത്. മൂത്തമോന് അന്ന് നാല് വയസ്. എല്ലാം പെറുക്കിയെടുത്ത് അവിടെ നിന്ന് ഒഴിഞ്ഞു പോയെങ്കിലും ഗതിയില്ലാതെ വീണ്ടും ഞങ്ങള്‍ അവിടേക്ക് തന്നെയെത്തി. കൈയിലുണ്ടായിരുന്ന പട്ടയം കാന്‍സല്‍ ചെയ്തതിനാല്‍ പിന്നെയുള്ള അഞ്ച് വര്‍ഷം ലീസിനായിരുന്നു ആ ഭൂമിയില്‍ ഞങ്ങള്‍ താമസിച്ചത്... പിന്നെ മൂപ്പര് കോടതിയിലൊക്കെ കേസ് കൊടുത്താണ് ഇപ്പോ ഭൂമിയുടെ പട്ടയംതിരിച്ചു കിട്ടിയത്- 1969 മുതല്‍ വീടുവച്ചു താമസിച്ച അഞ്ച് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തതിന്റെ ഒരു പിടി അനുഭവങ്ങളാണ് മായനാട് കുഴില്‍താഴം വീട്ടില്‍ ആമിനുമ്മ പറഞ്ഞു നിര്‍ത്തിയത്. ജില്ലാതല പട്ടയമേളയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ കൈയില്‍ നിന്ന് ആദ്യ പട്ടയം ഏറ്റു വാങ്ങിയ 67 വയസുകാരി ആമിനയുമ്മ ഇങ്ങനെ പറഞ്ഞു നിര്‍ത്തുമ്പോള്‍ 50 വര്‍ഷത്തോളം ഭര്‍ത്താവ് കെ.സി മരക്കാര്‍ സര്‍ക്കാര്‍ ഓഫിസുകളും കോടതിയും കയറിയിറങ്ങിയതിന്റെ ഓര്‍മകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്താണ് കെ.സി മരക്കാരെയും ഭാര്യ ആമിനുമ്മയെയും മക്കളെയും സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കി വിട്ടത്. എന്നാല്‍ മരക്കാര്‍ മുട്ടാത്ത വാതിലുകളില്ല. അഞ്ച് വര്‍ഷം ലീസിന് താമസിച്ചെങ്കിലും പിന്നീട് പട്ടയത്തിനായുള്ള ഓട്ടത്തിലായിരുന്നു.
അതിനിടെ മെഡിക്കല്‍ കോളജിന്റെ സ്ഥലമാണെന്ന് കാണിച്ച് അധികൃതര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെ ആ കേസ് തള്ളി. പിന്നെ മരക്കാരും ആമിനുമ്മയും മക്കളും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. 2016 ല്‍ കോടതിയുടെ അനുകൂല വിധി വന്നു. പക്ഷെ കോടതി നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പെ കെ.സി മരക്കാര്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. പക്ഷെ തലചായ്ക്കാനുള്ള ഭൂമിയുടെ അവകാശത്തിന് വേണ്ടി അന്ന് ഭര്‍ത്താവ് കയറിയിറങ്ങിയതിന്റെ ഫലമാണ് ഈ പട്ടയമെന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍ ആമിനുമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."