ചരിത്രസംഭവങ്ങള്‍ സ്കൂള്‍ ചുറ്റുമതിലില്‍ വരച്ചിട്ട് വിദ്യാര്‍ഥികള്‍
കാട്ടാക്കട: പഞ്ചമിയുടെ സ്കൂള്‍ പ്രവേശനം, ശ്രീനാരായണ ഗുരു, ശിവലിംഗ പ്രതിഷ്ഠ, മുന്തിരി കിണര്‍, കല്ലുമാല പൊട്ടിച്ചെറിയല്, വില്ലുവണ്ടി യാത്ര തുടങ്ങിയ സംഭവങ്ങള്‍ വിദ്യാലയ ചുറ്റുമതിലില്‍ വരഞ്ഞിട്ടപ്പോള്‍ അതു ചരിത്രത്തിലേക്കുള്ള എത്തിനോട്ടം കൂടിയായി. കാട്ടാക്കട കുളത്തുമ്മല്‍ എല്‍.പി സ്കൂളിലെ ചുറ്റുമതിലാണു കുട്ടിവരക്കാര്ക്കു കാന്‍വാസായി മാറിയത്. ചുമരില്‍ വിവിധ വര്‍ണങ്ങള്‍ വിതറിയപ്പോള്‍ കാഴ്ചയ്ക്കാരും കണ്ണിമയ്ക്കാതെ നോക്കിനിന്നു.
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 12 ബി.ആര്.സിയുടെ കിഴില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണു ചരിത്രവരകള് തീര്‍ത്തത്. ചരിത്രത്തെക്കുറിച്ച് വരകളിലൂടെ കുട്ടികളിലും അതിലൂടെ മറ്റു വിദ്യാര്‍ഥികളിലേക്കും പൊതുജനത്തിലേക്കും അറിവുകള്‍ പകര്ന്നുനല്കി ചരിത്രാവബോധവും നാവോത്ഥാന കാഴ്ചപ്പാടും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു വരയും ചരിത്രവും സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കുളത്തുമ്മല്‍ സ്കൂള്‍, പ്ലാവൂര്‍ സ്കൂള്‍, കട്ടക്കോട് സെന്റ് ആന്റണീസ്, പി.ആര് വില്യം സ്കൂള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 22 വിദ്യാര്‍ഥികളെയാണു പാലോട് ബി.ആര്.സിയിലെ ചിത്രകലാ അധ്യാപകന് നാഷിത്, ട്രൈലെര്‍ ഷെമീം അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പരീശീലിപ്പിച്ചെടുത്തത്. പേപ്പറുകളില്‍ മാത്രം വരച്ചുശീലിച്ച കുട്ടിച്ചിത്രകാരന്മാര്ക്കും ചിത്രകാരികള്‍ക്കും ചുമരിലെ വര പുതിയ അനുഭവമായിരുന്നു.
അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും പൂര്‍ണ പിന്തുണയും കുട്ടികള്‍ക്ക് ഏറെ പ്രചോദനമായി. കാട്ടാക്കട പഞ്ചായത്തിലെ യു.പി വിഭാഗം കുട്ടികള്‍ പങ്കെടുത്ത പരിപാടി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിത കുമാരി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ കെ. സതീഷ്, ട്രൈനെര്‍ ഷമീം അഹമ്മദ്, കോഡിനേറ്റര്‍ പ്രദീപ് കുമാര്‍, പ്രധാനാധ്യാപിക രമാദേവി, എസ്.എം.സി ചെയര്മാന് സനല്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."