പ്രധാന്‍മന്ത്രി തൊഴില്‍ദാന പദ്ധതി അപേക്ഷ ഇനി ഖാദി കമ്മിഷന്‍ കൈകാര്യം ചെയ്യും
കൊച്ചി: പ്രധാന്‍ മന്ത്രി തൊഴില്‍ ദാന പദ്ധതി അപേക്ഷകളിന്‍മേല്‍ ഇനി മുതല്‍ നടപടി എടുക്കുക ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (കെ.വി.ഐ.സി).
നേരത്തെ പി.എം.ഇ.ജി.പി അപേക്ഷകള്‍ പരിഗണിച്ചിരുന്നതും വായ്പ അനുവദിക്കുന്നതിലും മറ്റും തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല ടാസ്‌ക് ഫോഴ്‌സായിരുന്നു (ഡി.എല്‍.ടി.എഫ്.സി). ഇവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് ഖാദി കമ്മിഷനെ നടപടിയെടുക്കാനുള്ള അധികാരം ഏല്‍പിച്ചത്. ഇതോടെ നിലവില്‍ പദ്ധതി നേരിട്ടിരുന്ന തടസങ്ങള്‍ നീങ്ങുമെന്നും ഖാദി കമ്മിഷന് അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്. കൊവിഡിനുശേഷം സാങ്കേതികത്വത്തിലുടക്കി തൊഴില്‍ദാന പദ്ധതികള്‍ നീണ്ടുപോകാനിടയുണ്ടെന്ന് കണ്ടാണ് പുതിയ തീരുമാനം.
ഇതോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം (എം.എസ്.എം.ഇ), പ്രധാന്‍മന്ത്രി തൊഴില്‍ ദാന പദ്ധതി അപേക്ഷകളില്‍ നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതില്‍ നിന്ന് കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി പൂര്‍ണമായും ഒഴിവാകും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം ലളിതമാവുകയും ചെയ്യും.
ഇനിമുതല്‍ പി.എം.ഇ.ജി.പി പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ സംരംഭകരുടെ അപേക്ഷ നേരിട്ട് പരിശോധിച്ച് വായ്പ അനുവദിക്കാനുള്ള തീരുമാനം എടുക്കാന്‍ ബാങ്കുകള്‍ക്ക് കൈമാറും. നിലവില്‍ ഈ അപേക്ഷകള്‍ ഡി.എല്‍.ടി.എഫ്.സിയാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഈ സൂക്ഷ്മ പരിശോധ പലപ്പോഴും പദ്ധതികള്‍ അനുവദിക്കുന്നതില്‍ കാലതാമസവുമുണ്ടാക്കിയിരുന്നു.
പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഉല്‍പാദന, സേവന വ്യവസായങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. മേഖല അനുസരിച്ച് 15 മുതല്‍ 35 ശതമാനം രൂപ വരെ കെ.വി.ഐ.സി സബ്‌സിഡിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."