HOME
DETAILS
MAL
ടൂറിസം മേഖലക്ക് സഹ. വകുപ്പിന്റെ പ്രത്യേക വായ്പാ പദ്ധതി
backup
May 03 2020 | 03:05 AM
തൊടുപുഴ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ സഹകരണ വകുപ്പിന്റെ പ്രത്യേക വായ്പാ പദ്ധതി. കൊവിഡ് 19 മൂലം തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖലക്ക് അടിയന്തര ആശ്വാസമെന്ന നിലയില്‍ അതാത് പ്രദേശങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ നിന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതാണ് പദ്ധതി.
വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, കരകൗശല മേഖലയിലെ കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് വായ്പാ പദ്ധതി നടപ്പാക്കുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എ. അലക്‌സാണ്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സാധാരണ വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നീ രണ്ടുതരം വായ്പാ പദ്ധതികളാണ് നടപ്പാക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. പലിശനിരക്ക് 7 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സഹകരണ സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പലിശനിരക്ക് കുറയ്ക്കാന്‍ സംഘം ഡയരക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
സ്വര്‍ണപ്പണയ വായ്പക്ക് പരമാവധി ഒരുവര്‍ഷമാണ് കാലാവധി. നിലവിലുള്ള വായ്പാ കുടിശികകള്‍ ഈ വായ്പാ പദ്ധതിയെ ബാധിക്കില്ല. അപ്രൈസല്‍ ചാര്‍ജടക്കം ഒരുതരത്തിലുള്ള ചാര്‍ജും ഈടാക്കുന്നതല്ല. സാധാരണ വായ്പ പരസ്പര ജാമ്യവ്യവസ്ഥയിലോ വസ്തു ജാമ്യത്തിന്മേലോ ആണ് നല്‍കുന്നത്. രണ്ടുവര്‍ഷമാണ് സാധാരണ വായ്പാ പദ്ധതിയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."