ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ല
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ പൊതുഗതാഗതവും അന്തര്‍ സംസ്ഥാന യാത്രയും ഒരു സോണിലും അനുവദിച്ചിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരുടെ തിരിച്ചു പോകല്‍ ഉള്‍പ്പടെ ആഭ്യന്തര മന്ത്രാലയം അനുവദിച്ച അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ല.
കണ്ടൈയ്‌മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ സോണുകളിലും സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷ ഉറപ്പാക്കി ക്ലിനിക്കുകളുടെ മെഡിക്കല്‍ ഒ.പികള്‍ക്ക് പ്രവര്‍ത്തിക്കാം. എല്ലാ സോണുകളിലും അടിയന്തരാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ക്ക് വൈകിട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ഏഴുവരെ വിലക്ക് തുടരും. വ്യോമ, പൊതുഗതാഗതം, മെട്രോ, അന്തര്‍ സംസ്ഥാന യാത്രകള്‍ (ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യക അനുമതിയോടെയുള്ളവ ഒഴികെ) അനുവദിക്കില്ല.
റെഡ്, ഓറഞ്ച് സോണുകള്‍ക്കുള്ളിലെ കണ്ടൈയ്‌മെന്റ് സോണുകളില്‍ കൂടുതല്‍ വിലക്കുകളുണ്ട്. ജോലി സ്ഥലത്തും പൊതു സ്ഥലത്തും മാസ്‌ക് ധരിക്കല്‍ എല്ലായിടത്തും നിര്‍ബന്ധമാണ്. 144 തുടരും. മദ്യശാലകള്‍ക്ക് തുറക്കാം. ആറടി അകലം പാലിച്ച് വേണം മദ്യം വാങ്ങേണ്ടത്. ഒരേ സമയം അഞ്ചിലധികം പേര്‍ ഷോപ്പിനു മുന്നില്‍ പാടില്ല. പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. യാത്രയിലും സ്ഥാപനത്തിലും സാമൂഹിക അകലം ഉറപ്പാക്കണം. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള സൗകര്യം വേണം. ആരെങ്കിലും കൊവിഡ് ലക്ഷണം കാണിച്ചാല്‍ അവരെ ഉടന്‍ ക്വാറന്റീന്‍ ചെയ്യണം.
സ്ഥാപനത്തില്‍ ഇവര്‍ക്കുള്ള ക്വാറന്റീന്‍ ഏരിയ പ്രത്യേകം നിശ്ചയിച്ചിരിക്കണം. ഉടന്‍ തന്നെ അവരെ പരിശോധനക്ക് വിധേയമാക്കണം. രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ സെക്രട്ടറിമാരും ജോലിക്ക് എത്തിയിരിക്കണം. ഇതുവരെ ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്തതോ കഴിഞ്ഞ 21 ദിവസത്തിനിടയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ സോണില്‍ വരിക. ആക്ടിവ് കേസുകളുടെ എണ്ണം ഇരട്ടിയാകല്‍ നിരക്ക് തുടങ്ങിയവ കണക്കാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റെഡ് സോണുകളെ നിശ്ചയിക്കും.
ഇതു രണ്ടിലും പെടാത്ത ജില്ലകളാണ് ഓറഞ്ച് സോണായി കണക്കാക്കുക. റെഡ് സോണ്‍ ജില്ലയില്‍ കൊവിഡ് വ്യാപനമില്ലാത്ത മേഖലകളെ ഓറഞ്ച് സോണായി പ്രഖ്യാപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."