യു.എസ്-റഷ്യ നയതന്ത്ര യുദ്ധം മുറുകുന്നു
ദമസ്‌കസ്: ഇദ്‌ലിബിലെ സിറിയന്‍ രാസായുധ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യു.എസ്-റഷ്യ നയതന്ത്രയുദ്ധം മുറുകുന്നു. സിറിയന്‍ വ്യോമതാവളത്തില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു.
യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു. റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ആക്രമണം പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പെസ്‌കോവ് മുന്നറിയിപ്പ് നല്‍കി. സിറിയയിലെ യു.എസ് സേനയുമായുള്ള സഹകരണം തങ്ങള്‍ നിര്‍ത്തലാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കയുടെ നീക്കം നിരുത്തരവാദപരമാണെന്നും വിഡ്ഢിത്വം നിറഞ്ഞതാണെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഓഫിസ് പ്രതികരിച്ചു. മേഖലയിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോടുള്ള അമേരിക്കയുടെ അന്ധമായ സൈനിക നിലപാടും ദീര്‍ഘദൃഷ്ടിക്കുറവുമാണ് ഇതു കാണിക്കുന്നതെന്നും സിറിയ കുറ്റപ്പെടുത്തി.
എന്നാല്‍, റഷ്യയുടെ ആരോപണത്തെ തള്ളി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ കുറിച്ച് സൈനിക മാധ്യമങ്ങള്‍ ഉപയോഗിച്ച് റഷ്യക്ക് നേരത്തെ വിവരം നല്‍കിയിരുന്നെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സിറിയ തങ്ങളുടെ നിലപാടില്‍ മാറ്റംവരുത്തുന്നതുവരെ ആക്രമണത്തില്‍ മയം വരുത്തില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
അമേരിക്കയുടെ നീക്കത്തിന് സഖ്യരാഷ്ട്രമായ ബ്രിട്ടന്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ആസ്‌ത്രേലിയ, ഇസ്‌റാഈല്‍, സഊദി അറേബ്യ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, നാറ്റോ എന്നിവയും നീക്കത്തെ പിന്തുണച്ചു. എന്നാല്‍ അമേരിക്കയുടെ നീക്കം സിറിയയിലെ നിലവിലെ സ്ഥിതിയില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കോഡിനേറ്ററും ഇറാനും തുര്‍ക്കിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."