നിര്‍ജീവമായി ജനജാഗ്രതാ സമിതികള്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
സലിം മൈലയ്ക്കല്‍
വെഞ്ഞാറമൂട്: ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം നിര്‍ജീവമായത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. വെഞ്ഞാറമൂട്, വട്ടപ്പാറ, പാങ്ങോട് പൊലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ തടയുക, പീഡനത്തിന് ഇരയാകുന്നവര്‍ക്കു പൊലിസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങാതെ നീതി ലഭ്യമാക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിരുന്നത്.
പാങ്ങോട് പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസവും പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതികള്‍ ഭൂരിഭാഗം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പൊലിസ് സ്റ്റേഷനുകളില്‍ തന്നെ ഒത്തുതീര്‍പ്പാക്കുന്നതിനാല്‍ കുറ്റക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
പാങ്ങോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഈയടുത്തായി മൂന്നു യുവതികള്‍ തീപ്പൊള്ളലേറ്റു മരിച്ചിരുന്നു. മൂന്നു സംഭവങ്ങളിലും മരിച്ച യുവതികളുടെ ഭര്‍ത്താക്കന്‍മാരോ ബന്ധുക്കളോ പൊലിസ് പിടിയിലാവുകയും ചെയ്തിരുന്നു.
കല്ലറ കുറമ്പയത്ത് ആതിരയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും മൈലമൂട്ടില്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കി അര്‍ധരാത്രി വനത്തിനുള്ളില്‍ ഉപേക്ഷിച്ചതും ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഏതാനും വര്‍ഷം മുന്‍പ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തതും ഭരതന്നൂരില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കുളത്തില്‍ തള്ളിയതുമെല്ലാം മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങളില്‍ ചിലതു മാത്രമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തുകള്‍ ആഘോഷപൂര്‍വം തുടക്കംകുറിച്ച പദ്ധതി നിലച്ച അവസ്ഥയിലാണിപ്പോള്‍. മാത്രമല്ല പല പഞ്ചായത്തംഗങ്ങള്‍ക്കും ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നതും ജാഗ്രതയോടെ കാണേണ്ടതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാരിന്റെ കാലത്താണു സാമൂഹിക ക്ഷേമവകുപ്പ് തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ തോറും ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചത്.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും നിഷ്‌ക്രിയത മൂലം സമിതികളുടെ പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണ്. ഇതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."