മേഫീല്‍ഡിന്റെ ആലിമമ്മു ബ്രസീലിന്റെയും
മേഫീല്‍ഡ്: യൗവന കാലത്ത് ഗൂഡല്ലൂര്‍ മേഖലയിലെ കളിക്കളങ്ങളില്‍ ചാട്ടുളിപ്പോലെയുള്ള ഷോട്ടുകള്‍ കൊണ്ട് കളിയാരാധകരെ ഉണ്ടാക്കിയെടുത്ത് ആലി മമ്മു അന്നത്തെ തീപാറുന്ന സ്‌ട്രൈക്കറായിരുന്നു. തിളങ്ങി നില്‍ക്കുന്ന കാലത്ത് പെലയുടെ മിന്നലാട്ടം കണ്ടുതുടങ്ങിയ ആലിമമ്മുക്ക അന്ന് മുതല്‍ ഇന്നുവരെ കാല്‍പന്തില്‍ ഇഷ്ടപ്പെടുന്നത് കാനറികളെയാണ്. വിശ്രമജീവിതം നയിക്കുമ്പോഴും രാവിലെയെത്തുന്ന ദിനപത്രങ്ങളില്‍ ആലിമമ്മുക്ക ആദ്യ വായിക്കുന്നത് കായികം പേജാണ്. കാല്‍പന്തുകളിയുടെ ആവേശത്തിലേക്ക് നാടുംനഗരവും മെയ്യും മനസും സമര്‍പ്പിക്കുമ്പോള്‍ തന്റെ ഇഷ്ടടീം ഇത്തവണ കപ്പുയര്‍ത്തുമെന്നാണ് ആലി മമ്മുക്കയുടെ പ്രതീക്ഷ. 12ാം വയസില്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിക്കാരുടെ മേഫീല്‍ഡ് തേയിലത്തോട്ടത്തില്‍ പന്ത് തട്ടി തുടങ്ങിയ ആളാണ് ആലിമമ്മു. എസ്‌റ്റേറ്റ് മാനേജറായിരുന്ന ഇംഗ്ലണ്ടുകാരന്‍ യമാര്‍ സായിപ്പും ഓഫിസിലെ ക്ലര്‍ക്കായിരുന്ന മലപ്പുറത്തുകാരന്‍ മുഹമ്മദുമാണ് ആലിമമ്മുവിനെയും കൂട്ടരെയും ഗ്രൗണ്ടിലിറക്കിയത്. ഇവര്‍ പ്രദേശത്ത് നിര്‍മിച്ച ഗ്രൗണ്ടിലാണ് അന്നാട്ടുകാര്‍ ആദ്യമായി പന്തു തട്ടിയത്. ഗൂഡല്ലൂര്‍ മേഖലയില്‍ നടക്കുന്ന മിക്ക ടൂര്‍ണമെന്റുകളിലും തന്റെ കാലിന്റെ പ്രഹരശേഷി അറിയിച്ചിട്ടുമുണ്ട് ആലിമമ്മു. വാഹന സൗകര്യങ്ങള്‍ പരിമിതമായ അറുപതുകളില്‍ കാല്‍നടയായി ഊട്ടിക്കടുത്ത പ്രോ സ്‌പെക്ടയില്‍ പോയി മത്സരിച്ചതും വയനാട്ടിലെ അരപ്പറ്റയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മേഫീല്‍ഡില്‍ നിന്ന് ജീപ്പില്‍ വടുവഞ്ചാലിലെത്തിയതും അവിടെ നിന്നും പണമില്ലാത്തതിനാല്‍ അരപ്പറ്റവരെ കാല്‍നടയായി പോയി മത്സരത്തില്‍ പങ്കെടുത്തതുമൊക്കെ ഇന്നും ആലിമമ്മുക്കയുടെ മനസില്‍ മായാതെ കിടപ്പുണ്ട്. കാല്‍പന്തു കളിയെ അത്രമേല്‍ സ്‌നേഹിക്കുന്ന ആലിമമ്മുവിന് ബ്രസീലെന്ന് കേട്ടാല്‍ നൂറുനാവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."