നാടിന്റെ അക്ഷരവിളക്കായി പായം ഗ്രാമീണ വായനശാല
ഇരിട്ടി: പി.എന്‍ പണിക്കരുടെ സ്മരണയില്‍ ഇന്ന് നാടെങ്ങും വായനാദിനമായി ആചരിക്കുമ്പോള്‍ മലയോരത്ത് അക്ഷരജ്ഞാനത്തിന്റെ വിത്തെറിഞ്ഞ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി പുതുതലമുറയെ അറിവിന്റെ വഴിയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രന്ഥാലയമുണ്ട് ഇരിട്ടിയില്‍. പായം ഗ്രാമീണ ഗ്രന്ഥാലയമാണ് വായനാവര്‍ഷം എന്ന പദ്ധതിയിലൂടെ കുട്ടികളില്‍ അറിവിന്റെ വഴി തെളിയിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നത്. പുസ്തക ചര്‍ച്ചകള്‍ക്കായി ഒരു മാസം മുമ്പേ പുസ്തകം തിരഞ്ഞെടുത്ത് വിതരണം ചെയ്യുകയും പിന്നീട് എഴുത്തുകാരുടെ സാന്നിധ്യത്തില്‍ സംവാദം നടത്തുകയും ചെയ്യുന്നു. വായനക്കാരില്‍നിന്ന് വായനക്കുറിപ്പുകള്‍ ശേഖരിച്ച് ഇവിടെ കൈയെഴുത്ത് മാസികകളും തയാറാക്കാറുണ്ട്. ഗ്രന്ഥാലയത്തിന്റെ അനുബന്ധ സംഘടനകളായ ഉദയ ബാലവേദി, ദീപ്തി മഹിള സമാജം, യുവത യുവജനവേദി, ആശ്രയ വയോജനവേദി എന്നിവയുടെ നേതൃത്വത്തില്‍ അതത് വിഭാഗങ്ങള്‍ക്കായും പ്രത്യേകം പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായനക്കായി വിതരണം ചെയ്യുന്നു. ഇവ വായിച്ചു കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട പുസ്തക ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. കെ.ടി ബാബുരാജ്, ടി.പി വേണുഗോപാല്‍, ഇ.കെ ഷാഹിന, പ്രജിത നമ്പ്യാര്‍, ബാബുരാജ് അയ്യല്ലൂര്‍, മനോജ് കുമാര്‍ പഴശ്ശി, ശിവപ്രസാദ് പെരിയച്ചൂര്‍, ബാബു ജേക്കബ്, ഷാജു പാറക്കന്‍, രാജി അരവിന്ദ്, രജനി ഗണേഷ് തുടങ്ങിയ എഴുത്തുകാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."