എല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്
തൊടുപുഴ: ജില്ലയില്‍ സമീപ നാളുകളില്‍ ഉണ്ടായിട്ടുള്ള എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകളല്ലെന്ന് ജില്ലാ കലക്ടര്‍.
സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 9 ആത്മഹത്യകളാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. വണ്ടിപ്പെരിയാറ്റില്‍ മരിച്ച രാജന് കൃഷിയോ, കൃഷി ഭൂമിയോ ഉണ്ടായിരുന്നില്ല എന്ന കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ട മറ്റൊരാള്‍ ഭൂമി വേറൊരാള്‍ക്ക് കൃഷി ചെയ്യുന്നതിന് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.
കടം മൂലം ആത്മഹത്യ ചെയ്തവരും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ച് പ്രളയത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ആത്മഹത്യകള്‍ തടയുന്നതിന് കൃഷി വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ആത്മഹത്യകള്‍ക്ക് അമിതമായ വാര്‍ത്താ പ്രാധാന്യം നല്‍കുന്ന മാധ്യമ രീതി അപകടകരമാണെന്നും ഇത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാങ്ക് വായ്പകള്‍ക്ക് പുറമെ മദ്യപാനം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും മരണകാരണമായി മാറുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് ഉത്തേജകരമായ കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."