നഗരസഭ ബജറ്റ് ചര്‍ച്ചയ്ക്കിടെ നാടകീയരംഗങ്ങള്‍; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബജറ്റ് കീറിയെറിഞ്ഞു
തൊടുപുഴ: നഗരസഭയുടെ ബജറ്റ് ചര്‍ച്ചയ്ക്കിടെ നാടകീയരംഗങ്ങള്‍. ബജറ്റ് മുനിസിപ്പല്‍ ചട്ടങ്ങളും നിയമവും പാലിക്കാതെ തയ്യാറാക്കിയതാണെന്ന് ആരോപിച്ചും പ്രതിപക്ഷ കൗണ്‍സിലറെ യു ഡി എഫ് വ്യക്തിപരമായി അധിക്ഷേപിച്ചതായും ആരോപിച്ച് ബജറ്റ് കീറിയെറിഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് യോഗവും ബഹിഷ്‌കരിച്ചു. സംഘര്‍ഷത്തിനൊടുവില്‍ ബി.ജെ.പിയുടെ പിന്തുണയോടെ യുഡിഎഫ് ബജറ്റ് പാസാക്കി.
ബജറ്റ് ചര്‍ച്ച ആരംഭിച്ചയുടനെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍ ഹരിയാണ് കണക്കുകളില്‍ കൃത്രിമം ആരോപിച്ചത്. മുനിസിപ്പല്‍ ആക്ടിനെ അടിസ്ഥാനമാക്കിയേ ബജറ്റ് തയാറാക്കാവൂ എന്നിരിക്കെ ഭരണസമിതി അത് അട്ടിമറിച്ചെന്ന് ഹരി കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണിയുടെയും വൈസ് ചെയര്‍മാന്‍ അഡ്വ സി കെ ജാഫറിന്റെയും വാദം. സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള 'ബജറ്റ് പ്രിപ്പറേഷന്‍ ടൂള്‍' ഉപയോഗിച്ചാണ് ബജറ്റ് തയാറാക്കിയതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. അതോടെ, നഗരസഭയുടെ കൈവശമുള്ള പണത്തിന്റെ കണക്ക് ബജറ്റില്‍ വ്യക്തമാക്കാത്ത സ്ഥിതിക്ക് അക്കാര്യം മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ആര്‍ ഹരിക്കെതിരെ ലീഗ് കൗണ്‍സിലര്‍ എ എം ഹാരിദ് നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ബജറ്റിലെ തെറ്റ് ചുണ്ടിക്കാട്ടുമ്പോള്‍ അതിനെതിരായ ഇത്തരം നിലപാട് ശരിയല്ലെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാജീവ് പുഷ്പാംഗദന്‍, കെ കെ ഷിംനാസ്, പി വി ഷിബു, ബിന്‍സി അലി തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."