ചേരുംകാട്ടിലെ ഉരുള്‍പൊട്ടല്‍; മാറ്റിപ്പാര്‍പിച്ച കുടുംബങ്ങള്‍ ലോകായുക്തയെ സമീപിക്കുന്നു
നെന്മാറ: ആതനാട് മലയിലെ ചേരുംകാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതില്‍ പ്രതിക്ഷേധിച്ച് 10 കുടുംബങ്ങള്‍ ലോകായുക്തയെ സമീപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചുമാസമായി പോത്തുണ്ടിയിലെയും, അയിനാംപാടത്തെയും ജലസേചനവകുപ്പ് ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചുവരികയാണ് ഇവര്‍. ഇതിലെ രണ്ട് കുടുംബങ്ങളെ വിത്തനശേരിയിലെ ഒരു ഫ്‌ളാറ്റില്‍ ജനപ്രതിനിധികള്‍ വാടക നല്‍കാമെന്ന ഉറപ്പില്‍ താമസിപ്പിച്ചിരുന്നു. മാസങ്ങളായിട്ടും ആരും വാടക നല്‍കാത്തതിനാല്‍ ഈ കുടുംബങ്ങളും പെരുവഴിയിലാണ്. വീണ്ടും മലയില്‍ ഉരുള്‍പൊട്ടാനിടയുണ്ടെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ഈ കുടുംബങ്ങളെ ആളുവശേരിയില്‍നിന്നും മാറ്റി പാര്‍പ്പിച്ചത്.
കാലങ്ങളായി താമസിച്ചുവന്ന വീടും പുരയിടവും ഉപേക്ഷിച്ച് ജലസേചനവകുപ്പ് ക്വാര്‍ട്ടേഴ്‌സുകളില്‍ താമസം തുടങ്ങിയത്. എന്നാല്‍ ഇവിടെ പരിമിത സൗകര്യങ്ങളാണുള്ളത്. ഇതിനിടയില്‍ നാല് സെന്റ് സ്ഥലവും, വീടും നല്‍കുമെന്ന് പ്രഖ്യാപിച്ച റവന്യൂ വകുപ്പും, ജനപ്രതിനിധികളും ഇപ്പോള്‍ നെന്മാറ അയിലൂര്‍ പഞ്ചായത്തുകളില്‍ റവന്യൂ പുറമ്പോക്ക് സ്ഥലമില്ലാത്തതിനാല്‍ 26 കിലോമീറ്റര്‍ അകലെയുള്ള ചിറ്റൂര്‍ ഭാഗത്തേക്ക് മാറണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികളെല്ലാം പഠിക്കുന്നതും സ്വന്തബന്ധുക്കളെല്ലാം നെന്മാറയിലുംപരിസരങ്ങളിലുമാണ്. ഈ അവസ്ഥയില്‍ ചിറ്റൂരിലേക്ക് പറിച്ചുനട്ടാല്‍ ഇവര്‍ക്ക് ജീവിക്കാന്‍ പ്രയാസമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. നെന്മാറയിലോ, സമീപ പഞ്ചായത്തുകളിലോ സ്ഥലവും വീടും അനുവദിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. വിത്തനശേരിയിലെ സ്വകാര്യ ക്രഷര്‍ യൂനിറ്റ് കൈയേറിയ 82 സെന്റ് സ്ഥലത്തോ, പേഴുംപാറയിലെ റവന്യൂ പുറമ്പോക്കിലെ ഓരോ കുടുംബത്തിനു നാല് സെന്റ് സ്ഥലവും വീടും അനുവദിച്ചുനല്‍കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."