നെടുമ്പാശ്ശേരിയിലെ പുതിയ ടെര്‍മിനല്‍ 18 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലായ ടി 3 ഏപ്രില്‍ 18 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ എല്ലാ രാജ്യാന്തര എയര്‍ലൈനുകളുടേയും ആഗമന, പുറപ്പെടല്‍ സര്‍വിസുകള്‍ ടി3 യില്‍ നിന്നാകും ക്രമീകരിക്കുക. ടി3 പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍, സുരക്ഷാച്ചുമതല വഹിക്കുന്ന സി.ഐ.എസ്.എഫിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധിക തസ്തികകള്‍ അനുവദിച്ചിരുന്നു.
എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ പൊതു തെരഞ്ഞെടുപ്പ് കാരണം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് നെടുമ്പാശ്ശേരിയിലെത്താന്‍ കൂടുതല്‍ സാവകാശം വേണ്ടിവന്നതിനാലാണ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമാകാന്‍ താമസം നേരിട്ടത്.
ഇന്നലെ മുതല്‍ വിവിധ ബാച്ചുകളിലായി സുരക്ഷാ സൈനികര്‍ എത്തിത്തുടങ്ങി. 16 ഓടെ പുതിയ ടെര്‍മിനലിന്റെ സുരക്ഷാവിന്യാസത്തിന് ആവശ്യമായ ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരുമെന്നാണ് സി.ഐ.എസ്.എഫ് സിയാലിനെ അറിയിച്ചിട്ടുള്ളത്.
എയര്‍ ഇന്ത്യയുടെ ദുബൈ ഡ്രീംലൈനര്‍ സര്‍വിസ് 18 രാവിലെ 9.20 ന് ടി3 യില്‍ നിന്ന് പുറപ്പെടും. ഇതേത്തുടര്‍ന്ന് മറ്റ് എയര്‍ലൈനുകളുടെ ചെക്ക് ഇന്‍ നടപടികള്‍ ടി3യിലേയ്ക്ക് മാറിത്തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിയോടെ സമ്പൂര്‍ണമായും രാജ്യാന്തര സര്‍വിസുകള്‍ ടി3യിലേയ്ക്ക് മാറും. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുള്ള ടി3 യില്‍ യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം സമ്മാനിക്കാനുള്ള എല്ലാ നടപടികളും നേരത്തേത്തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ രാജ്യാന്തര സര്‍വിസുകളും ടി3യിലേയ്ക്ക് മാറ്റുന്നതോടെ ആഭ്യന്തര ഓപ്പറേഷന് ടി1 ലേയ്ക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിയാല്‍ തുടക്കമിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."