സഊദിയിൽ കൊവിഡ് രോഗികൾക്കായി തയ്യാറാക്കിയത് 80,000 ബെഡുകൾ, ഗുരുതര രോഗികൾക്കായി 8,000 ബെഡുകളും സജ്ജം: ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ കോവിഡ്-19 വൈറസ് ബാധ രോഗികൾക്കായി എൺപതിനായിരം ബെഡുകൾ സജ്ജമാണെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ഗുരുതരമായി ബാധിച്ചവരെ ശുശ്രൂഷിക്കാനായി എണ്ണായിരം ബെഡുകളും സജ്ജീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ്-19 വൈറസ് ബാധിതരെ പരിചരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് എൺപതിനായിരം ബെഡുകൾ സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലും സ്വകാര്യ മേഖലയിലുമായാണ് ഇത്രയധികം ബെഡുകൾ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, അത്യാഹിത രോഗികളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിയന്തിര ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എണ്ണായിരം ബെഡുകളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 139 രോഗികളാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
നിലവിൽ രാജ്യത്ത് 27,011 വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 22,693 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 4134 പേർ രോഗ മുക്തി നേടിയതായും 184 രോഗികൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."