വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ എസ്.പിക്ക് പരാതി നല്‍കി
കയ്പമംഗലം: കൂളിമുട്ടം പൊക്ലായി സുനാമി കോളനിയില്‍ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. അയല്‍വാസിയുടെ മര്‍ദനമേറ്റാണ് മരണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതി.
കോളനിവാസിയായ സ്രാമ്പിക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിമൊയ്തീന്റെ ഭാര്യ സീനത്തി(ആമിന 48)ന്റെ മരണമാണ് വിവാദമാവുന്നത്. ഫെബ്രുവരി 22ന് രാത്രി തലയില്‍ പരുക്കേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലെ രണ്ട് ആശുപത്രികളിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട സീനത്ത് 23ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചിരുന്നു.
അന്നു തന്നെ കൂളിമുട്ടം പ്രാണിയാണ് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയും ചെയ്തു. എന്നാല്‍ 22ന് രാത്രി സീനത്തിനെ അയല്‍വാസി മര്‍ദിക്കുന്നത് കണ്ടെന്നും ഇതില്‍ പരുക്കേറ്റാണ് മരണമെന്നും കോളനിവാസികള്‍ ബന്ധുക്കളോട് പറഞ്ഞതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്.
മകന്‍ സിയാദിനൊപ്പമാണ് സീനത്ത് താമസം, പരുക്കേറ്റ സീനത്തിനെ സിയാദും ഓട്ടോഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മദ്യലഹരിയിലായിരുന്നതിനാല്‍ സീനത്തിന് മര്‍ദനമേറ്റ വിവരം സിയാദ് അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് ആശുപത്രിയില്‍ മര്‍ദന വിവരം അറിയാതിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. സീനത്തിന്റെ കുടുംബവുമായി അയല്‍വാസി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ഫെബ്രുവരി 22ന് സീനത്തിനെ കസേര കൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നത് കണ്ടതായും പരിസരവാസികള്‍ പറഞ്ഞു. സീനത്തിന്റെ സഹോദരന്‍ ഷാഫിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."