HOME
DETAILS
MAL
പൊള്ളാച്ചിയില്‍ നിന്ന് നാട്ടിലെത്തിയ മലയാളിക്കെതിരേ കേസ്
backup
May 04 2020 | 02:05 AM
കാളികാവ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളി 20 ദിവസത്തെ യാത്രക്കൊടുവില്‍ നാട്ടിലെത്തി.
കിലോമീറ്ററുകളോളം നടന്നും ചരക്കുലോറികളില്‍ യാത്ര ചെയ്തുമാണ് മലപ്പുറം കാളികാവ് പള്ളിശേരി സ്വദേശി നാട്ടിലെത്തിയത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് സംസ്ഥാന അതിര്‍ത്തി കടന്നെത്തിയ ഇയാള്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 150 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇയാളെടുത്തത് 20 ദിവസമാണ്. പൊള്ളാച്ചിയില്‍ ഡ്രൈവറായ ഇയാള്‍ 20 ദിവസം മുന്‍പ് കാല്‍നടയായാണ് യാത്ര ആരംഭിച്ചത്. കുറേ നടന്നതിനുശേഷം കുറച്ചുദൂരം യാത്ര ചെയ്യാന്‍ ചരക്കുലോറി കിട്ടി.
ലോറിയില്‍ നിന്ന് ഇറങ്ങി വീണ്ടും നടന്നു. പിന്നീട് ഒരു കാറില്‍ കേരള അതിര്‍ത്തിയിലെത്തി. അതിര്‍ത്തിയില്‍ വച്ച് കേരള പൊലിസ് പിടിയിലായ ഇദ്ദേഹത്തെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
തിരിച്ചയച്ച ഇയാള്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് പിന്നീട് അതിര്‍ത്തി കടന്നു. അതിര്‍ത്തികടന്ന് കിലോമീറ്ററുകളോളം നടന്നു. പിന്നീട് ചരക്കുലോറിയില്‍ കയറി പാലക്കാട്ടെത്തി. പാലക്കാട്ട് നിന്ന് വീണ്ടും നടന്ന് മണ്ണാര്‍ക്കാട്ടെത്തി. മണ്ണാര്‍ക്കാട് നിന്ന് ലോറിയില്‍ കരിങ്കല്ലത്താണി എത്തി. കരിങ്കല്ലത്താണിയില്‍ നിന്ന് പെരിന്തല്‍മണ്ണവരെ വീണ്ടും നടന്നു. പെരിന്തല്‍മണ്ണയിലെത്തിയ ഇയാളെ പള്ളിശ്ശേരിയില്‍ നിന്ന് സുഹൃത്തുക്കള്‍ പോയി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
20 ദിവസത്തെ യാത്രക്കുശേഷം ഇയാള്‍ നാട്ടിലെത്തിയതറിഞ്ഞ് പൊലിസ് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. കൊവിഡ് സാമൂഹികവ്യാപനത്തിന് കാരണമായേക്കാവുന്ന തരത്തില്‍ അലക്ഷ്യമായി യാത്ര ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കൊവിഡ് പരിശോധനക്കായി ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."