HOME
DETAILS
MAL
സംസ്ഥാനത്തെ ആദ്യ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ കാമറ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍
backup
May 04 2020 | 02:05 AM
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നൂറില്‍ നൂറു മാര്‍ക്ക് നേടി സംസ്ഥാനത്തെ ആദ്യ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ കാമറ.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫേസ് ഡിറ്റക്ഷന്‍ കാമറ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കും സാമൂഹിക അകലത്തിനും കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പൂര്‍ണ അര്‍ഥത്തില്‍ വിജയിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്നു അതിഥി തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ആദ്യ തീവണ്ടി ജാര്‍ഖണ്ഡിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു കാമറകള്‍ സ്റ്റേഷനില്‍ സ്ഥാപിച്ചത്. ഡോ. ശശി തരൂരിന്റെ എം.പി ഫണ്ട് ഉപയോഗിച്ച് ആംസ്റ്റര്‍ഡാമില്‍ നിന്ന് എത്തിച്ചതാണ് തെര്‍മല്‍ കാമറ. ഏഷ്യയില്‍ ഈ ഉപകരണം ലഭിക്കാത്തതിനാല്‍ ആസ്റ്റര്‍ഡാമില്‍നിന്നു വാങ്ങി ആദ്യം ജര്‍മനിയിലെ ബേണിലെത്തിച്ചു.
അവിടെനിന്ന് ഡി.എച്ച്.എല്‍ കാര്‍ഗോ സര്‍വിസിന്റെ വിവിധ വിമാനങ്ങളിലായി പാരീസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹ്‌റൈന്‍, ദുബൈ വഴി ബംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാരണം തിരുവനന്തപുരത്തെത്തിക്കാന്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് എം.പിയുടെ ഓഫിസ് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. കാമറ വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന എല്ലാവരെയും അതിവേഗം തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കാനാവുന്നതിനൊപ്പം രോഗ സാധ്യതയുള്ളവരെ വളരെവേഗം തിരിച്ചറിയാനും സാധിക്കുന്നുണ്ട്. യാത്രക്കാരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുവാന്‍ കഴിയുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും ഇതുമൂലം ഉറപ്പാക്കാം.
സ്‌ക്രീനിങ്ങിനായുള്ള സമയ ലാഭവും സാമൂഹിക അകലവും ഉറപ്പുവരുത്തുന്ന കാമറ കൂടുതല്‍ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും മെഡിക്കല്‍ കോളജുകളിലും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
എം.പി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റു കോര്‍പറേറ്റ് ഗ്രൂപ്പുകളുമായി കൈകോര്‍ത്ത് കൂടുതല്‍ ക്യാമറകള്‍ എത്തിക്കാനാണ് ശശി തരൂര്‍ എം.പിയുടെ ഓഫിസ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."