അന്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കി
ചെറുതുരുത്തി: നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സ്‌നേഹ കരുതലില്‍ വരവൂര്‍ കുമരപ്പനാല്‍ സ്വദേശി പരേതനായ അന്‍ഷാദിന്റെ നിര്‍ധന കുടുംബത്തിന് ലക്ഷങ്ങളുടെ ബാധ്യതയില്‍ നിന്ന് മോചനം. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതിനിടെ പൊട്ടിവീണ് കിടന്നിരുന്ന വൈദ്യുതികമ്പിയില്‍ തട്ടി മരണമടഞ്ഞ അന്‍ഷാദ് (അനു) ന്റെ കുടുംബത്തെ സഹായിക്കാനാണ് പൊതു പ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് അന്‍ഷാദ് കുടുംബ സഹായ സമിതി രൂപീകരിച്ചത്.
1649778 രൂപയാണ് ഈ കൂട്ടായ്മ സ്വരൂപിച്ചത്. അന്‍ഷാദിന്റെ വീടുപണിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന 12 ലക്ഷം രുപയുടെ ബാധ്യതകള്‍ സമിതിയുടെ ശ്രമഫലമായി കൊടുത്തു തീര്‍ക്കാനും അന്‍ഷാദിന്റെ മകന്റെ പേരില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉമ്മ ആമിനക്ക് ഒരു ലക്ഷം രുപയുടെ സാമ്പത്തിസഹായവും നല്‍കിയാണ് കര്‍മസാഫല്യത്തോടെ സമിതി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
വരവൂര്‍ വനിത തൊഴില്‍ പരിശീലന കേന്ദത്തില്‍ വച്ച് നടന്ന സമാപന യോഗത്തില്‍ അന്‍ഷാദിന്റെ കുടുംബത്തിനുള്ള രേഖകളുടെയുംധനസഹായത്തിന്റെയും കൈമാറ്റം മുഖ്യരക്ഷാധികാരി യു.ആര്‍ പ്രദീപ്. എം എല്‍.എ നിര്‍വഹിച്ചു.
കമ്മിറ്റി ചെയര്‍മാന്‍ വരവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി. ജനറല്‍ കണ്‍വീനറും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ എം.പി കുഞ്ഞിക്കോയതങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി.
വര്‍ക്കിങ് കണ്‍വീനറും എസ്.വൈ.എസ് മേഖലാ ജനറല്‍ സെക്രട്ടറിയുമായ കെ.വി പരീത് റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അപകട ദിവസം ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എം സാബുവിനെ ഉപഹാരം നല്‍കി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി. വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.എം ഹനീഫ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ ടീച്ചര്‍, പഞ്ചായത്ത് മെംബര്‍മാരായ എം. വീരചന്ദ്രന്‍, മോഹനന്‍, എന്‍.യു സിന്ധു, സി.ആര്‍ ഗീത, പ്രീതി ഷാജു, സലിം അന്‍വരി വരവൂര്‍ ഷെഹീര്‍ദേശമംഗലം, ജമാലുദ്ധീന്‍ തിരുവനന്തപുരം, കെ. എസ് അലി, പി.എസ് രാജന്‍, ജേക്കബ് വരവൂര്‍ കെ.കെ, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."