സഊദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ്; ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു
ജിദ്ദ: ദീര്‍ഘകാലം പ്രവാസികളായി കഴിയുന്നവര്‍ക്ക് സഊദിയില്‍ പൗരത്വത്തിന് സമാനമായ ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനെകുറിച്ച് അധികൃതര്‍ നിയമം തയാറാക്കുന്നു. ഗ്രീന്‍ കാര്‍ഡിന് പ്രതിവര്‍ഷം 14,200 റിയാല്‍ ഫീസ് ബാധകമാക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുണ്ട്
വിദേശികളുടെ വരുമാനം രാജ്യത്ത് ചെലവഴിക്കുന്നതിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്നതിനാല്‍ സഊദി വിഷന്‍ 2030ന്റെ ഭാഗമായാണ് ഗ്രീന്‍ കാര്‍ഡ് പദ്ധതി ആരംഭിക്കുക. ഇതോടെ സഊദി പൗരന്മാര്‍ക്ക് മാത്രം പരിമിതമായ ചില സേവനങ്ങള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശികള്‍ക്ക് ലഭിക്കും.
സ്ഥിരം ഇഖാമക്ക് പുറമെ നിരവധി ആനുകൂല്യങ്ങള്‍ കൂടി വാഗ്ദാനം നല്‍കുന്നതാണ് ഗ്രീന്‍ കാര്‍ഡ് സംവിധാനം. കെട്ടിടങ്ങളും ഭൂമിയും വാങ്ങി സഊദി റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണിയില്‍ സ്വദേശികളെപ്പോലെ മുതലിറക്കാനും വാണിജ്യ, നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.
സേവനത്തില്‍ നിന്ന് വിരമിക്കുന്ന വേളയിലെ പെന്‍ഷന്‍, സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികില്‍സ, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള സൗകര്യം, കുടുംബത്തിനും ആശ്രിതര്‍ക്കും വിസ, രണ്ട് വീട്ടുവേലക്കാര്‍ക്കുള്ള വിസ എന്നിവയും ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു.
ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ആദ്യമായി വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."